വർക്കല: സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കടകംപള്ളി സുരേന്ദ്രൻ നേതൃത്വം നൽകിയ സമ്മേളനത്തിലാണ് സംഭവം. മൂന്നു പേരെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളി നടന്നത്. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
ഏരിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത് ഏകപക്ഷീയമാണെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഏരിയ സെക്രട്ടറി യൂസഫിന്റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകൾ സ്മിത എന്നിവരെ ഉൾപ്പെടുത്തിയതാണ് തർക്കത്തിന് ഇടയാക്കിയത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ എഫ് നഹാസിനേയും വഹാബ് റിയാസിനെയും ഉൾപ്പെടുത്താത്തതും തർക്കത്തിന് കാരണമായി. എട്ടുപേർ മത്സരിക്കാൻ തയ്യാറായെങ്കിലും നേതൃത്വം അനുവദിച്ചിരുന്നില്ല.
ശനിയാഴ്ച വൈകീട്ടോടെ പുറത്തുനിന്ന് പ്രവർത്തകർ സമ്മേളന ഹാളിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇവരെ വളണ്ടിയർമാർ തടഞ്ഞു. ഇതിനുശേഷമാണ് സംഘർഷമുണ്ടായത്. അതുൽ, അഭിൻ, അഖിൽ, വിഷ്ണു എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. പ്രതിഷേധക്കാർ ഡയസിലേക്ക് നിങ്ങുമ്പോൾ മുതിർന്ന നേതാക്കളായ കടകംപള്ളിസുരേന്ദ്രനും എം വിജയകുമാറും അവിടെയുണ്ടായിരുന്നു.
content highlights:CPM workers clash at Varkala area conference; Four were injured