കൊച്ചി: കൊച്ചിയിൽ മാതാപിതാക്കളെ തേടി രണ്ടു വയസ്സുകാരൻ. ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപത്തുനിന്നാണ് അസം സ്വദേശിയായ ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നെഹ്രു പാർക്കിന് സമീപം രണ്ട് വയസുകാരനെ കണ്ടെത്തുന്നത്. മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യം ശ്രദ്ധിച്ച നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തൻ സാധിച്ചില്ല.
കുട്ടിയെ കണ്ടെത്തുമ്പോൾ ഒരു പാക്കറ്റ് ബിസ്ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഭാഷാ സഹായിയെ എത്തിച്ച് കുട്ടി സംസാരിക്കുന്നത് അസമീസാണെന്നും കുഞ്ഞിന്റെ പേര് രാഹുൽ എന്നാണെന്നും തിരിച്ചറിഞ്ഞു. പ്രിയങ്ക എന്നാണ് അമ്മയുടെ പേരെന്നും കുട്ടി പറയുന്നു. ഭക്ഷണം എന്ന വാക്ക് മാത്രമാണ് കുട്ടി മലയാളത്തിൽ പറയുന്നത്.
ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്ന് വൈദ്യപരിശോധയിൽ വ്യക്തമായതോടെ കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
content highlights:a two-year-old boy from Assam looking for his parents in Kochi