ന്യൂഡൽഹി
ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ നയിക്കും. വിരാട് കോഹ്ലിക്ക് പകരക്കാരനായാണ് നിയമനം. ലോകകപ്പിനുശേഷം കോഹ്ലി സ്ഥാനമൊഴിഞ്ഞിരുന്നു. നവംബർ 17ന് ന്യൂസിലൻഡിനെതിരായ ട്വന്റി 20യിൽ രോഹിത് ഔദ്യോഗികമായി ക്യാപ്റ്റൻ കുപ്പായമണിയും. ഓപ്പണർ ലോകേഷ് രാഹുലാണ് വൈസ് ക്യാപ്റ്റൻ. കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പതിനാറംഗ ടീമിൽ ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരും മീഡിയം പേസർ ഹർഷൽ പട്ടേലും ആവേശ് ഖാനുമാണ് പുതുമുഖങ്ങൾ. ഋതുരാജ് ഗെയ്ക്വാദും ടീമിലുൾപ്പെട്ടു.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ഈ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. ശ്രേയസ് അയ്യരും യുശ്വേന്ദ്ര ചഹാലും ടീമിൽ തിരിച്ചെത്തി. കോഹ്ലിക്കൊപ്പം പേസർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, സ്പിന്നർ രവീന്ദ്ര ജഡേജ എന്നിവർക്കും വിശ്രമം നൽകി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ഇടംകിട്ടിയില്ല. ശർദുൾ താക്കൂറിനും ടീമിൽ തുടരാനായില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നീ സ്പിന്നർമാരും പുറത്തായി.
ദക്ഷിണാഫ്രിക്കൻ പര്യടത്തിനുള്ള ഇന്ത്യൻ എ ടീമിനെ പ്രിയങ്ക് പാഞ്ചൽ നയിക്കും. ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും ഇടംനേടിയപ്പോൾ സഞ്ജു സാംസണെ പരിഗണിച്ചില്ല. ടീം–- രോഹിത് ശർമ, ലോകേഷ് രാഹുൽ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വെങ്കിടേഷ് അയ്യർ, യുശ്വേന്ദ്ര ചഹാൽ, ആർ അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.