ആലുവ: നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടൻ ദിലീപ്. ഈ പോരാട്ടത്തിൽ തന്റെ നാട്ടുകാർ തന്നോടൊപ്പം ഉണ്ടാകണമെന്നും ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ നടൻ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമർശം. കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിൽ കഴിഞ്ഞിരുന്നു.
ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ജയിലിൽ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകർന്നത്. എന്നെ മാറ്റിനിർത്താതെ നിങ്ങളോടൊപ്പം ചേർത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണ്. ഞാൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ദിലീപ് പറഞ്ഞു.
ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ നടൻ ദിലീപ് പ്രകാശനം ചെയ്യുന്നു.
നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ ജെബി മേത്തർ തുടങ്ങിയവർ സമീപം.
ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തീം സോങ് അവതരണവും ദിലീപ് നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ ജെബി മേത്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights:fight for justice and truth- actor Dileep