തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിന് അനുസൃതമല്ലാത്ത ഒരു ഉത്തരവും നിലനിൽക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. നവംബർ അഞ്ചിന് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ഉത്തരവിന്റെ സാഹചര്യമെന്ത്, കേന്ദ്ര അനുമതിയുണ്ടോ തുടങ്ങിയവ അന്വേഷിക്കും. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം എന്ന നിലപാടിൽ മാറ്റമില്ല. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ബേബി ഡാമിന്റെ പരിസരത്തെ 23 മരം മുറിക്കാൻ തമിഴ്നാട് ജലവിഭവവകുപ്പ് എഇ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചീഫ് വൈൽഡ്ലൈഫ് വാർഡൻ 15 മരം മുറിക്കാൻ അനുമതി നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ സർക്കാർ ഉത്തരവ് മരവിപ്പിച്ചു.
സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ മരംമുറിക്കാത്തതിന്റെ കാരണം പറഞ്ഞിട്ടുണ്ട്. കടുവസങ്കേതത്തിന്റെ ഭാഗമായതിനാൽ മരംമുറിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും നാഷണൽ വൈൽഡ്ലൈഫ് ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റിയുടെയും അനുമതി വേണം. 1980ലെ വനംസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും വേണം. ഇവ തമിഴ്നാട് ഹാജരാക്കിയിട്ടില്ല.
തമിഴ്നാട്ടിലെയും കേരളത്തിലെയും വനം-വന്യജീവിവകുപ്പുകൾ ചേർന്ന പരിശോധനയിലൂടെ സംശയങ്ങൾക്ക് വ്യക്തത വരുത്തണമെന്ന് ഫെബ്രുവരിയിൽ മേൽനോട്ട സമിതി യോഗത്തിൽ ചെയർമാൻ നിർദേശിച്ചിരുന്നു. ഇത് നടന്നിട്ടില്ല. അണക്കെട്ടിന് മതിയായ സുരക്ഷയില്ലെന്ന ആശങ്ക സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമിക്കണമെന്നതിൽ ഉറച്ചുനിൽക്കുന്നെന്നും മന്ത്രി പറഞ്ഞു.