ന്യൂഡൽഹി> എൻഡിഎ, യുപിഎ ഭരണകാലങ്ങളിൽ വൻകിട പ്രതിരോധ ഇടപാടുകളിൽ ഇടനിലക്കാരനായി സുശേൻ ഗുപ്ത. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യക്കാരനായ ഗുപ്തയ്ക്ക് റഫാൽ യുദ്ധവിമാന ഇടപാടിൽ 8.5 കോടി രൂപ കോഴ ലഭിച്ചതായി ഇക്കഴിഞ്ഞ ജൂലൈയിൽ ഫ്രഞ്ച് ഓൺലൈൻ മാധ്യമം മീഡിയ പാർട്ട് വെളിപ്പെടുത്തി. ‘ഇടപാടുകാർക്കുള്ള സമ്മാനം’ എന്ന ഇനത്തിലാണ് ഗുപ്തയ്ക്ക് റഫാൽ നിർമാതാക്കളായ ദസോ ഇത്രയും പണം നൽകിയത്.
ഇതിന്റെ പേരിൽ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വെ ഒലന്ദ്, മുൻ ധനമന്ത്രിയും നിലവിലെ പ്രസിഡന്റുമായ ഇമ്മാനുവൽ മാർക്കോൺ, മുൻ പ്രതിരോധമന്ത്രിയും ഇപ്പോൾ വിദേശമന്ത്രിയുമായ ജീൻ യവിസ് എൽഡ്രിയാൻ എന്നിവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണ്. സാമ്പത്തിക കുറ്റകൃത്യമേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന ‘ഷെർപ’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്രാൻസിലെ ദേശീയ പ്രോസിക്യൂഷൻ ഏജൻസി (പിഎൻഎഫ്) തലവൻ ജീൻ ഫ്രാങ്കോയിസ് ബൊണേർട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ഇതിനിടെയാണ് റഫാൽ ഇടപാടിന്റെ പ്രാഥമിക ചർച്ചകളുടെ കാലംമുതൽ ഗുപ്തയ്ക്ക് പണം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ.
യുപിഎ ഭരണകാലത്തെ 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗുപ്തയെ 2019 മാർച്ചിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഗുപ്ത ജാമ്യത്തിലിറങ്ങി.
അഗസ്ത വെസ്റ്റ്ലാൻഡ് കേസിൽ അന്നത്തെ വ്യോമസേനാ മേധാവി എസ് പി ത്യാഗി അടക്കം പ്രതികളാണ്. വിവിഐപികൾക്ക് സഞ്ചരിക്കാൻ ഇറ്റാലിയൻ കമ്പനി അഗസ്ത വെസ്റ്റ്ലാൻഡിൽനിന്ന് 12 ഹെലികോപ്റ്റർ വാങ്ങാനായിരുന്നു കരാർ. അഴിമതി സ്ഥിരീകരിച്ചതിനെത്തുടർന്ന് കരാർ റദ്ദാക്കി.