കൊച്ചി: ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി അനുപമ എസ് ചന്ദ്രൻ പിൻവലിച്ചു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് രാവിലെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളേണ്ടി വരുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതേ തുടർന്നാണ് അനുപമയുടെ അഭിഭാഷകൻ കുഞ്ഞിനെ തേടിയുള്ള ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചത്. ഹർജി പിൻവലിക്കാൻ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ വ്യവഹാരം അവസാനിച്ചു.
2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേർന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും അനുപമ സമർപിച്ച ഹർജിയിൽ പറഞ്ഞിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടാൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ, പേരൂർക്കട സി.ഐ. എന്നിവർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതാണെന്ന് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ട അനുപമ കുടുംബകോടതിയിൽ പിന്നീട് ഈ വാദം ഉന്നയിച്ചിരുന്നില്ല. കുഞ്ഞിനെ മാതാപിതാക്കളെ നോക്കാൻ ഏൽപ്പിച്ചിരുന്നതായാണ് അനുപമ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.