തിരുവനന്തപുരം> ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. വിശ്വാസികളെ തെറ്റിധരിപ്പിക്കാനും വ്യാപകമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്ര സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും വ്യാജപ്രചാരണായുധമാക്കാൻ ശ്രമം നടന്നു. മുസരീസ് പൈതൃക പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്ര സൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചത്.
ക്ഷേത്രത്തിന്റെ ഭാഗമായി താമസസൗകര്യത്തിനുള്ള കെട്ടിടത്തിന് 1.88 കോടി രൂപ നീക്കിവച്ചു. മുസരീസ് എന്ന പേരിനെ മുസ്ലിം എന്ന രീതിയിൽ ദുരുപയോഗം ചെയ്താണ് വ്യാജപ്രചാരണത്തിന് ഉപയോഗിക്കുന്നത്. ക്ഷേത്രത്തെ മുസ്ലിങ്ങളുടെ കൈയിലെത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന് പ്രചരിപ്പിക്കാനും മടിച്ചില്ല. ഇത്തരം രീതി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി പറഞ്ഞു.