കൊച്ചി> ഹൈടെക്കായി മാറിയ കൊങ്ങോര്‍പ്പിള്ളി ഗവ. സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ കൂട്ടുകാരുമൊത്ത് പഠിക്കാനുള്ള കാത്തിരിപ്പിലാണ് ഏഴാം ക്ലാസ്സുകാരി പവിത്ര കെ ദാസ്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പവിത്ര കൊങ്ങോര്‍പ്പിള്ളി ഗവ. ഹൈസ്്കൂളിലെത്തിയത്. 2018–ലെ പ്രളയത്തില്‍ എല്ലാം നശിച്ച സ്കൂളിനെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് അന്ന് നടന്നത്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാനായി കിഫ്ബി അനുവദിച്ച അഞ്ചുകോടി ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. എങ്കിലും സ്കൂളിന് ഇത്ര ഹൈടെക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പവിത്ര പറയുന്നു.
സെപ്റ്റംബര്‍ ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൊങ്ങോര്‍പ്പിള്ളി ഗവ ഹൈസ്്കൂളിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചത്. പ്രഖ്യാപന ദിവസം സ്കൂള്‍ കാണാന്‍ പവിത്രയുമെത്തിയിരുന്നു. പിന്നീട്, പാഠപുസ്തകം വാങ്ങാനെത്തിയപ്പോഴും സ്കൂള്‍ ചുറ്റി കണ്ടു.
29 പേരുള്ള ക്ലാസ്സില്‍ രണ്ടാമത്തെ ബാച്ചിലാണ് പവിത്ര ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പവിത്രയ്ക്ക് സ്കൂളില്‍ പോകേണ്ടത്. കൊങ്ങോര്‍പ്പിള്ളി ഗവ. സ്കൂളിലെ അധ്യാപികയായ രാധികയുടെയും സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ബിബിന്‍ ദാസിന്റെയും മകളാണ് പവിത്ര.
പ്രളയത്തില്‍ കൊങ്ങോര്‍പ്പിള്ളി സ്കൂളിലെ ക്ലാസ്സ് മുറികളും ഐടി, സയന്‍സ് ലാബും ഓഫീസും സ്കൂള്‍ ബസുമെല്ലാം നശിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നാണ് സംസ്ഥാനസര്‍ക്കാര്‍ കൊങ്ങോര്‍പ്പിള്ളി ഗവ. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയത്.
സ്കൂളിലിപ്പോള് 1884 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ മൂന്ന് നിലയുള്ള രണ്ട് കെട്ടിടങ്ങളുണ്ട്. 13 ഹൈടെക്ക് ക്ലാസ്സ് മുറിയും കംപ്യൂട്ടര്‍, സയന്‍സ്, ഭാഷ ലാബുകളും ഓഫീസും ഇടംപിടിച്ചിട്ടുണ്ട്. 18 ശുചിമുറി, സിക്ക് റൂം, ആര്‍ട്സ് റൂം, രണ്ട് സ്റ്റോര്‍ റൂം സ്കൂളിന് സ്വന്തമായുണ്ട്. കിഫ്ബി അനുവദിച്ച അഞ്ചുകോടിയില്‍ 4.42 കോടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായത്.