തിരുവനന്തപുരം> കേരളത്തില്‍ ഇപ്പോഴുള്ളത് കാലാവസ്ഥ വ്യതിയാനമല്ലെന്നും കാലാവസ്ഥ അടിയന്തരാവസ്ഥയാണെന്നും പ്രമുഖ രാജ്യാന്തര പരിസ്ഥിതി ശാസ്ത്രജ്ഞന് മുരളി തുമ്മാരക്കുടി പറഞ്ഞു. കേരള പ്രൊഫെഷണല്‍സ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ പ്രളയാനന്തര കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനം എന്ന അസ്ഥയൊക്കെ കേരളത്തില്‍ മാറി. നിലവിലുള്ളത് കാലാവസ്ഥ അടിയന്തരാവസ്ഥയാണ്. ആ സാഹചര്യത്തില്‍ കേരളത്തിലെ ആവാസ വ്യസ്ഥയ്ക്ക് തന്നെ കാര്യമായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ദുരന്തമുണ്ടാകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള സംവിധാനം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിപോലെ തന്നെ ദുരന്തമുണ്ടാകുമ്പോള്‍ അത് ജനങ്ങളെ വേഗത്തില്‍ അറിയിച്ച് ജനങ്ങളെ മാറ്റി പാര്‍പ്പിച്ച് അപകടത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കണം.
കടുത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോള്‍ തന്നെ കറണ്ട് പോകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ആ സാഹചര്യത്തില്‍ ടിവിയിലൂടെയോ, പത്രങ്ങളിലൂടെയോ അപകടാവസ്ഥ അറിയിച്ചാല്‍ അത് ജനങ്ങള്‍ ശ്രദ്ധിച്ചെന്ന് വരില്ല. ആ സാഹചര്യത്തില്‍ നിലവില്‍ കെഎസ്ഇബി പല അറിയിപ്പുകളും എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. ആ സൗകര്യം കൂടുതല്‍ വിപുലമാക്കി വെള്ളപ്പൊക്കം, ഡാമുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും തുമ്മാരക്കുടി അഭിപ്രായപ്പെട്ടു.
കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പരിഹാരം നിര്ദ്ദേശിക്കുന്നതിനുവേണ്ടി എഞ്ചിനീയര്‍മാരുടേയും മറ്റ് പ്രൊഫഷണലുകളുടേയും ഒരു ഹാക്കത്തോന്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്ന പ്രളയങ്ങള്‍ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ട ആവശ്യഗത അതിക്രമിച്ചതായി വെബിനാര്‍ ഉദ്ഘാടനം ചെയ്ത ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് പറഞ്ഞു.
പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കൈയ്യേറ്റങ്ങള്‍ നിരവധിയാണ്. അത്തരം കൈയ്യേറ്റങ്ങളാണ് അപകടങ്ങളുടേയും ദുരന്തങ്ങളുടേയും ആഴം കൂട്ടുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ പരിസ്ഥിതി ദോഷപ്പെടുത്തത് മാറ്റി പരിസ്ഥിതി സൗഹൃദമാക്കേണ്ടതിന്റെ ആവശ്യഗതയാണ് അടിക്കടിയുള്ള ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സെബ്യാസ്റ്റ്യന് കുളത്തിങ്കല്‍ എംഎല്‍എ പറഞ്ഞു. അപകടസാധ്യത സ്ഥലത്തുള്ളവരെ കണ്ടെത്തി അവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാനുള്ള സൗകര്യമാണ് ഈ കാലഘട്ടത്തില്‍ ആവശ്യമെന്നും അല്ലെങ്കില്‍ ഇനിയുള്ള ദുരന്തങ്ങള്‍ വലിയ നാശത്തിന് വഴിവെയ്ക്കുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
കേരള പ്രൊഫെഷണല്‍സ് ഫ്രണ്ട് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കുഴിക്കാട്ട് മോഡറേറ്റര്‍ ആയിരുന്ന വെബിനാറില്‍, അന്താരാഷ്ട്ര നിയമ വിദഗ്ധന്‍ ദീപക് രാജു, ഡോ. സിന്ധുമോള്‍ ജേക്കബ്, പ്രൊഫ ഡി. സുരേഷ് ബാബു, ഡോ. മിലന്റ് തോമസ്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജയചന്ദ്രന്, സെബിന് കെ അഫ്രേം തുടങ്ങിയവരും സംസാരിച്ചു.