ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആർച്ച് ബിഷപ്പിൻ്റെ അജപാലന ജീവിതത്തിലെ ഓരോ സംഭവങ്ങൾ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തിലെ സന്ദേശങ്ങൾ പ്രസംഗത്തിൽ മുഖ്യമന്ത്രി പങ്കുവച്ചു.
ആർച്ച് ബിഷപ് മെത്രാനായിരുന്നില്ലെങ്കിൽ ഒരു കർഷക നേതാവ് ആകുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ പറഞ്ഞു. കർഷകനായിരുന്നുവെങ്കിൽ അദ്ദേഹം ഡൽഹിയിലെ സമരവേദിയിൽ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കിയിരുന്നു. ഇതര മതങ്ങളും ക്രൈസ്തവ സഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കാൻ സന്ദർശനം ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ സന്ദർശിക്കുമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം ഇന്ത്യക്കാർക്ക് അഭിമാന നിമിഷമാണെന്ന് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കതോലിക്ക ബാവ വ്യക്തമാക്കി. “പ്രധാനമന്ത്രി മോദിയും മാർപാപ്പയും തമ്മിലുള്ള ചർച്ച ഗുണപരമായ മാറ്റം ഉണ്ടാക്കും. ഇന്ത്യയിലെത്താനുള്ള മാർപാപ്പയുടെ തീരുമാനം ഭാരതത്തിലെ സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവാകും” – എന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച തീരുമാനം അഹ്ലാദകരമാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. മാർപാപ്പയുടെ സന്ദർശ പരിപാടിയിൽ കേരളവും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു.