തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ ബിനീഷ് ജയിൽമോചിതനായിരുന്നു. ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും എല്ലാം മാധ്യമങ്ങളോട് നേരിൽ പറയാമെന്നും ബിനീഷ് പ്രതികരിച്ചു.
സത്യത്തെ കള്ളമാക്കാൻ പറ്റും പക്ഷേ കാലം എന്നൊന്ന് ഉണ്ടല്ലോ. അത് സത്യത്തോട് ചേർന്ന് നിൽക്കും. നീതി പുലർത്തുകയും ചെയ്യും- ബിനീഷ് പറഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് താൻ പുറത്തിറങ്ങുന്നത്. ആദ്യം അച്ഛനെയും അമ്മയേയും ഭാര്യയേയും മക്കളേയും കാണണം. അതിനുശേഷം മറ്റ് കാര്യങ്ങൾ പറയാമെന്നും ബിനീഷ് പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടിലേക്ക് തന്നെയാണ് പോകുന്നതെന്നും ബിനീഷ് പറഞ്ഞു.
വീട്ടിലെത്തിയ ബിനീഷിനെ സ്വീകരിക്കാനായി മാതാപിതാക്കളും ബന്ധുക്കളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് അമ്മ വിനോദിനി മകൻ ബിനീഷിനെ സ്വീകരിച്ചത്. ഒരു വർഷത്തിന് ശേഷം മകനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരുവർഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയിൽ മോചനം. സഹോദരൻ ബിനോയ് കോടിയേരി, സുഹൃത്തുക്കൾ എന്നിവർ ബിനീഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സത്യം ജയിക്കുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. കേരളത്തിൽ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവർ പറയുന്നതുപോലെ പറയാൻ തയ്യാറാകാത്തതാണ് തന്നെ കേസിൽ പെടുത്താൻ കാരണമെന്നും ബിനീഷ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞുതന്ന കാര്യങ്ങൾ അതുപോലെ പറഞ്ഞിരുന്നെങ്കിൽ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlights: Bineesh kodiyeri reaches kerala after an year