എറണാകുളം: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നതിന്റെ സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി എറണാകുളം കളക്ടർ ജാഫർ മാലിക്.
നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ അധികജലം മൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നാമമാത്രമായ വ്യതിയാനം മാത്രമാണ് ഉണ്ടാവുക. മഴ സാഹചര്യം കൂടി വിലയിരുത്തി വൈകിട്ട്നാലിനു ശേഷമോ നാളെ രാവിലെ മുതലോ 100 ക്യൂമെക്സ് വരെ നിരക്കിൽ ഇടുക്കിയിൽ നിന്നും പെരിയാറിലേക്ക് ജലമൊഴുക്കാൻ ഇടുക്കി ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇത്രയും ജലം പെരിയാറിലെ ജലനിരപ്പിനെ കാര്യമായിബാധിക്കില്ല. എന്നാൽ പെരിയാർ തീരത്ത് ജാഗ്രതതുടരണമെന്ന് എറണാകുളം കളക്ടർ അഭ്യർഥിച്ചു.
എറണാകുളം ജില്ലയിൽ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ടതില്ല. നിശ്ചിത പരിധിയിലും താഴെയാണ് ജലനിരപ്പ്. ഭൂതത്താൻകെട്ട് മുതൽ മലയാറ്റൂർ, കാലടി, ആലുവ, ഏലൂർ തുടങ്ങിയ പെരിയാർ തടങ്ങളിലും ജലനിരപ്പ് സാധാരണ നിലയിലാണ് കനത്ത മഴ ചെയ്താൽ മാത്രമാണ് നിലവിലെ സാഹചര്യത്തിൽ മാറ്റം പ്രതീക്ഷിക്കുന്നത്. എല്ലാ സാഹചര്യങ്ങളും മുന്നിൽ കണ്ട് എല്ലാവിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം തുടരുകയാണ്. ആവശ്യമായ മുന്നറിയിപ്പുകൾ യഥാസമയം ജനങ്ങൾക്ക് ലഭ്യമാക്കാൻ എല്ലാ സംവിധാനവും സജ്ജമാണെന്നും അധികൃതരുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കളക്ടർ അറിയിച്ചു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. 534 ക്യൂസെക്സ് (15 ക്യുമെക്സ്) അളവിൽ വെളളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.