തെന്മല: ആര്യങ്കാവ് ഇടപ്പാളയത്ത് ഉരുൾപോട്ടലിൽ വ്യാപകനാശനഷ്ടം. മൂന്നു വാഹനങ്ങൾ ഒഴുകിപോയി. നിരവധി വീടുകളിൽ വെള്ളം കയറി. ദേശീയപാതയിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ആറോടെ പെയ്ത കനത്തമഴയിലാണ് ഇടപ്പാളയത്ത് മൂന്നിടത്ത് ഉരുൾപൊട്ടിയത്. ഇടപ്പാളയം ആറുമുറിക്കട നാലുസെൻറ് കോളനി, ആശ്രയ മൂന്നുസെൻറ് കോളനി, ഫോറസ്റ്റ് ക്വാർട്ടേഴ്സിനു മുകൾഭാഗത്തെ മലയിൽ എന്നിവടങ്ങളിലാണ് ഉരുൾപൊട്ടൽ.
ആറുമുറിക്കട നാലുസെൻറ് കോളനിയിൽ നടകടവുങ്കൽ വീട്ടിൽ മോനച്ചൻെറ വീടിൻെറ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പ് പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയി. ജീപ്പ് സമീപമുള്ള വൈദ്യുത തൂണിൽ തങ്ങിയതിനാൽ കഴുത്തുരുട്ടി ആറ്റിലേക്ക് മറിഞ്ഞില്ല. ഇദ്ദേഹത്തിൻെറ വീട്ടിൽ പൂർണമായും വെള്ളം കയറുകയും ചുറ്റുമതിൽ തകരുകയും ചെയ്തിട്ടുണ്ട്. സമീപമാവാസി കലാധരൻെറ വീട്ടിലും വെള്ളം കയറി. കോളനിയുടെ മുകൾഭാഗത്തെ ശെന്തുരുണി വനത്തിൽ നിന്നാണ് വെള്ളമൊഴുകിയെത്തിയത്. വനത്തിൻെറ മറുവശത്ത് പരപ്പാറിൻെറ വൃഷ്ടിപ്രദേശമാണ്.
സമീപത്തു തന്നെയുള്ള മൂന്നുസെൻറ് ആശ്രയ കോളനിയിൽ ഷാജിയുടെ ഓട്ടോറിക്ഷ വെള്ളപ്പാച്ചലിൽപ്പെട്ട് ഒഴുകിപോയിട്ടുണ്ട്.വീടിനുമുന്നിലുള്ള റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അരകിലോമീറ്ററോളം ദൂരെനിന്ന് കഴുതുരുട്ടി ആറ്റിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിയും വാഹനങ്ങൾ തിരികെ കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഇവിടെ മുഹമ്മദ് റൗലത്തിൻെറ വീടിൻെറ അടുക്കളഭാഗത്തെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്. ഇടപ്പാളയം ഫോറസ്റ്റ് ക്വാർട്ടേഴ്സിനു സമീപം കാർ ഒഴുക്കിൽപെട്ടു. ഒടുവിൽ കാർ വടംകെട്ടി നിർത്തുകയായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ റെയിൽവേപാതയിൽ നിന്ന് വൻതോതിൽ കല്ലും മണ്ണും ഒഴുകിയെത്തി ഇടപ്പാളയത്ത് മൂന്നിടത്ത് ഗതാഗതം തടസപ്പെട്ടു.
ഇടപ്പാളയം പള്ളിക്കു സമീപം,ആനകുത്തിവളവ്,ഫോറസ്റ്റ് ക്വാർട്ടേഴ്സ് തുടങ്ങിയ ഭാഗങ്ങളിലാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ നേതൃത്വം നൽകി. കൂടാതെ വെള്ളം കയറിയ വീടുകളിലും ചെളിയുൾപ്പടെ മാറ്റുന്ന ജോലികൾ നടക്കുന്നു. ഇടപ്പാളയം ഭാഗത്ത് 1992ൽ മലയിൽ ഉരുൾപൊട്ടിയിരുന്നു. അതിനാൽ വെള്ളമുയർന്നത് മറ്റൊരു ഉരുൾപൊട്ടലിൻെറ ആശങ്കപടർത്തുകയും ചെയ്തു.
Content Highlights:landslide at aryankavu three veicles washed away by raging water