നെടുമ്പാശേരി –
വിദ്യാർഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സലിനെയാണ് (38) റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. 90,000 രൂപവീതം വാങ്ങി രണ്ട് വിദ്യാർഥികൾക്ക് മധുര കാമരാജ് സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും മഹാരാഷ്ട്രയിൽനിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ചുനൽകിയത് നഫ്സലാണെന്ന് പൊലീസ് പറഞ്ഞു. ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചുകാലം ജോലി ചെയ്ത നഫ്സൽ, അവിടെ വച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽനിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽനിന്ന് കൊറിയറായി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് നേരിട്ട് കൈമാറി.
60,000 രൂപ ഹൈദരാബാദ് സ്വദേശിയും 30,000 രൂപ നഫ്സലും എടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വേണമെന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. നഫ്സലിന്റെ തൃത്താലയിലെ വീട്ടിലും പരിശോധന നടത്തി. യുകെയിലെ കിങ്സ്റ്റൺ സർവകലാശാലയിൽ എംഎസ്സി ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് സ്റ്റഡീസിന് ചേരുന്നതിനാണ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത്. ഇൻസ്പെക്ടർ പി എം ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, എസ്സിപിഒ നവീൻ ദാസ് എന്നിവരാണ് അന്വേഷകസംഘത്തിലുള്ളത്. അടുത്തടുത്ത ദിവസങ്ങളിൽ യുകെയിലേക്ക് പോകാനെത്തിയ ഏഴ് വിദ്യാർഥികളെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശേരിയിൽ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽപേർ ഉടൻ പിടിയിലാകുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.