തിരുവനന്തപുരം
അർബുദ ചികിത്സയ്ക്കൊപ്പം ആരോഗ്യമേഖലയിൽ ഡോ. കൃഷ്ണൻനായരുടെ മറ്റൊരു പ്രധാന സംഭാവനയാണ് പാലിയേറ്റീവ് കെയർ പ്രസ്ഥാനം. ഇന്ന് സർക്കാർ മേഖലയിൽ ശക്തി പ്രാപിച്ച ഈ പ്രവർത്തനത്തിന്റെ തുടക്കം അദ്ദേഹത്തിലൂടെയായിരുന്നു. 2008ൽ എൽഡിഎഫ് സർക്കാർ പാലിയേറ്റീവ് കെയർ നയംവരെ രൂപീകരിച്ചിരുന്നു. ആദ്യകാലത്ത് ഇത് പെയിൻ ആൻഡ് പാലിയേറ്റീവ് എന്നാണ് അറിയപ്പെട്ടിരുന്നത്. അർബുദരോഗികളുടെ വേദന ശമിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. വേദനസംഹാരിയായി ഇൻജക്ഷൻ രൂപത്തിലുള്ള മോർഫിനാണ് ആദ്യം നൽകിയിരുന്നത്. വായിലൂടെ നൽകാവുന്ന മോർഫിൻ ആർസിസിയിൽ ഉൽപ്പാദിപ്പിച്ചതോടെ കേരളത്തിൽ പാലിയേറ്റീവ് കെയർ വേറൊരു തലത്തിലേക്കെത്തി. ഇതോടെ കിടപ്പുരോഗികളുടെ മറ്റ് പ്രശ്നങ്ങൾകൂടി തിരിച്ചറിഞ്ഞ് ഇടപെടാനായി. അങ്ങനെയാണ് പെയിൻ ആൻഡ് പാലിയേറ്റീവ് പാലിയേറ്റീവ് കെയറായി മാറിയത്. ഇതിനൊക്കെ പിന്നിൽ കൃഷ്ണൻ നായർ സാർ ആയിരുന്നു. അതുകൊണ്ട് കേരളത്തിലെ പാലിയേറ്റീവ് കെയറിന്റെ തലതൊട്ടപ്പനായി അദ്ദേഹത്തെ വിലയിരുത്താം. 1993ൽ കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂറോസർജറി പ്രൊഫസറായിരുന്ന കാലത്ത് അവിടെയൊരു പാലിയേറ്റീവ് ക്ലിനിക് ആരംഭിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.
ആർസിസിയിൽനിന്ന് ഓറൽ മോർഫിൻ സ്വീകരിക്കേണ്ടിവരും എന്നതുകൊണ്ട് പലരും ക്ലിനിക്കിനെതിരെ നിന്നു. അതോടെ ആ ശ്രമം ഉപേക്ഷിച്ചു. അർബുദ ചികിത്സയുടെ ആധുനികവൽക്കരണത്തിനുമപ്പുറം കേരളത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും ശരിയായ പാതയിലൂടെ നയിച്ചതും അദ്ദേഹമാണെന്ന് പറയാനാണ് ഞാനാഗ്രഹിക്കുന്നത്.