തിരുവനന്തപുരം
അർബുദം കാർന്നുതിന്ന ജീവിതങ്ങൾക്ക് പ്രത്യാശയുടെ പുഞ്ചിരി സമ്മാനിച്ച ഭിഷഗ്വരനായിരുന്നു ഡോ. എം കൃഷ്ണൻ നായർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒറ്റമുറിയിൽ തുടങ്ങിയ അർബുദരോഗ വിഭാഗത്തെ ഏഷ്യയിലെ ഏറ്റവും മികച്ച റീജ്യണൽ ക്യാൻസർ സെന്ററാക്കി മാറ്റാൻ ജീവിതം ഉഴിഞ്ഞുവച്ച മനുഷ്യൻ. അർബുദത്തെ ജീവിതശൈലിയിലൂടെ അകറ്റാമെന്നും അല്ലാത്തവ കണ്ടുപിടിച്ച് ചികിത്സിക്കാമെന്നും അദ്ദേഹം മലയാളികളെ പഠിച്ചു. അതിനായി അർബുദ പ്രതിരോധ കർമപദ്ധതിക്ക് രൂപം നൽകി. ഒപ്പം “ക്യാൻസർ കെയർ ഫോർ ലെഫ്’ ഇൻഷുറൻസ് ആവിഷ്കരിച്ച് പാവങ്ങൾക്കും ചികിത്സ പ്രാപ്യമാക്കി. രാജ്യത്താദ്യമായി പീഡിയാട്രിക് അർബുദചികിത്സാ വിഭാഗം ആരംഭിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. ലോകാരോഗ്യ സംഘടനയിൽ ഡയറക്ടർ ജനറൽ, ഡബ്ല്യുഎച്ച്ഒ, ക്യാൻസർ ടെക്നിക്കൽ ഗ്രൂപ്പ് (സിടിജി) എന്നിവയുടെ ഉപദേശക സമിതിയിൽ അംഗമായി. ദേശീയ അർബുദ പ്രതിരോധ പദ്ധതിയുടെ മാർഗനിർദേശം തയാറാക്കാനും രണ്ടായിരത്തിൽ ജനീവയിൽ നടന്ന അർബുദ പ്രതിരോധ കോൺഫറൻസ് സംഘടിപ്പിക്കാനും മുന്നിൽനിന്നു.
“ഞാനും ആർസിസിയും: ക്യാൻസറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങൾ’ എന്ന പേരിൽ പുസ്തകം എഴുതി. ഗവേഷണരംഗത്തും പ്രശസ്തനായി. വിവിധ അന്താരാഷ്ട്ര ജേണലുകളിൽ 250ഓളം ശാസ്ത്രീയലേഖനവും മുപ്പതോളം പുസ്തകവും രചിച്ചു. ചികിത്സാരത്നം, ഭീഷ്മാചാര്യ , ഐസിഎംആർ സാന്റോസ് അവാർഡുകളും പശുപതിനാഥ് വാഹി ക്യാൻസർ, വിമല ഷാ പുരസ്കാരവും ലഭിച്ചു. 1972ൽ ലണ്ടനിലെ മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിൽ നിന്നാണ് കൃഷ്ണൻ നായർ എഫ്ആർസിആർ (ക്ലിനിക്കൽ ഓങ്കോളജി) നേടിയത്. മന്ത്രിമാരായ വീണാ ജോർജ്, ആന്റണിരാജു, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, വി കെ പ്രശാന്ത് എംഎൽഎ എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.