കൊച്ചി
കോട്ടയം മലരിക്കൽ ആമ്പൽപ്പാടത്ത് വിഷ്ണുവിന്റെ ക്യാമറയ്ക്കുമുന്നിൽ ഷാഹിന പുഞ്ചിരിച്ചു. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഹിറ്റായ ഫോട്ടോഷൂട്ടിലെ പുഞ്ചിരി ആയിരങ്ങൾക്ക് പ്രചോദനമായി. പൊള്ളലേറ്റാൽ പെണ്ണിന്റെ ജീവിതം തകർന്നെന്ന സങ്കൽപ്പം മാറ്റിമറിക്കുകയായിരുന്നു ഷാഹിന.
അഞ്ചുവയസ്സുള്ളപ്പോൾ മണ്ണെണ്ണവിളക്കിൽനിന്ന് പൊള്ളലേറ്റ പെൺകുട്ടി ഡോ. ഷാഹിനയായ കഥ അങ്ങനെ നാടറിഞ്ഞു. ചികിത്സാച്ചെലവുകൾ സൗജന്യമായി ഏറ്റെടുക്കാൻ നടൻ മമ്മൂട്ടി എത്തിയത് മറ്റൊരു ട്വിസ്റ്റായി. പതഞ്ജലി ആയുർവേദ ചികിത്സാസംരംഭത്തിന്റെ പനമ്പിള്ളിനഗർ കേന്ദ്രത്തിൽ സൗജന്യചികിത്സ ഒരുക്കാമെന്നാണ് മമ്മൂട്ടി അറിയിച്ചത്.
മണ്ണെണ്ണവിളക്കിന് മുന്നിലിരുന്ന് പഠിക്കുമ്പോഴാണ് തീപടർന്ന് ദേഹമാസകലം പൊള്ളലേറ്റത്. ഇടപ്പള്ളി ചായിമൂലയിൽ കുഞ്ഞുമുഹമ്മദിന്റെയും സുഹറയുടെയും നാല് പെൺമക്കളിൽ നാലാമത്തെ മകളായ ഷാഹിനയ്ക്ക് ജീവിതം വേദനയുടെയും ശസ്ത്രക്രിയകളുടെയും നാളുകളായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയിലധികവും. സ്കൂളിൽ ഒരുവർഷം വൈകിയാണ് ചേർത്തത്. സ്കൂൾകാലത്തും ശസ്ത്രക്രിയകൾ തുടർന്നു. പ്രവേശനപ്പരീക്ഷ എഴുതി മെഡിസിന് പ്രവേശനം നേടി. പഠനം പൂർത്തിയാക്കിയതിനു പിന്നാലെ പിഎസ്സി പരീക്ഷ എഴുതി സർക്കാർ ഹോമിയോ മെഡിക്കൽ ഓഫീസറായി. ജോലി നേടിയിട്ട് ഇപ്പോൾ നാലുവർഷം.
തിരുവല്ല സ്വദേശി വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫറെ ഇൻസ്റ്റഗ്രാം വഴിയാണ് ഷാഹിന പരിചയപ്പെട്ടത്. വിഷ്ണു ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ആശയം പറഞ്ഞപ്പോൾ, രണ്ട് കൈയുംനീട്ടി സ്വീകരിച്ചു. ഫോട്ടോഷൂട്ട് തങ്ങൾക്ക് പ്രചോദനം നൽകിയെന്ന്, പൊള്ളലേറ്റ നിരവധി പെൺകുട്ടികൾ അറിയിച്ചതായി ഷാഹിന.
‘ചുറ്റുമുള്ള തീയേക്കാൾ എന്റെ ഉള്ളിലെ അഗ്നി കൂടുതൽ ജ്വലിച്ചതിനാൽ ഞാൻ അതിജീവിച്ചു’–- തൃപ്പൂണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഷാഹിന സ്വന്തം ജീവിതത്തെ ഇങ്ങനെ നിർവചിക്കുന്നു.