തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമമാക്കി ലാഭത്തിലാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നാൽ അവിടത്തെ തൊഴിലാളികളുടെ സംരക്ഷണം മാത്രമല്ല. സ്ഥാപനങ്ങളെ കാലാനുസൃതവും മത്സരക്ഷമവുമാക്കുക എന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട മാസ്റ്റർപ്ലാൻ തയ്യാറായി. ഇത് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
ചെറുകിട വ്യവസായങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകും. സാധ്യതാപഠനത്തിനു ശേഷമാകും ഇനി വ്യവസായ പാർക്ക് ആരംഭിക്കുക. പ്രവാസി സംരംഭകർക്ക് മുൻഗണന നൽകി വ്യവസായ പാർക്ക് ആരംഭിക്കും. ഇന്ത്യയിലെ 15 മികച്ച വ്യവസായ പാർക്കിൽ കിൻഫ്രയിലെ നാലു പാർക്ക് ഉൾപ്പെട്ടിട്ടുണ്ട്.
മീറ്റ് ദി ഇൻവസ്റ്റർ: 3650 കോടിയുടെ നിക്ഷേപ വാഗ്ദാനം
വ്യവസായ വകുപ്പിന്റെ മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ 3650 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭകരുടെയും വ്യവസായികളുടെയും അഭിപ്രായങ്ങൾ തേടുകയും സർക്കാർതലത്തിൽ ആവശ്യമുള്ള പിന്തുണ ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
സിബിൽ സ്കോർ:
ബാങ്കുകളുമായി ചർച്ച നടത്തും
ചെറുകിട വ്യവസായ സംരംഭകർക്ക് സിബിൽ സ്കോർ കുറവാണെന്നതിനാൽ വായ്പ നിഷേധിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. പ്രശ്നം പരിഹരിക്കാനായി കെഎസ്ഐഡിസി, കേരള ബാങ്ക് എന്നിവയുമായി ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.