തിരുവനന്തപുരം
അമ്പത് കോടിയിൽ കൂടുതൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളുടെ നടപടി സമയബന്ധിതമാക്കുന്ന നിക്ഷേപം സുഗമമാക്കൽ ബ്യൂറോയിൽ 12 അംഗം. വ്യവസായവകുപ്പിന്റെ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ ചുമതലയുള്ള സെക്രട്ടറി സമിതി ചെയർമാനാകും. ഇത് വ്യവസ്ഥ ചെയ്യുന്ന 2021ലെ കേരള സൂക്ഷ്മ–- ചെറുകിട–- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. അഗ്നിശമന സേനാ ഡയറക്ടർ, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എംഡി, ചീഫ് ടൗൺ പ്ലാനർ, ലേബർ കമീഷണർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ, വ്യവസായ വാണിജ്യ ഡയറക്ടർ, ചെയർമാന് അനുയോജ്യമെന്നു തോന്നുന്ന വകുപ്പ് സെക്രട്ടറിയോ ഡയറക്ടറോ എന്നിവരാണ് അംഗങ്ങൾ. അപേക്ഷ സമർപ്പിച്ച് ഏഴു ദിവസത്തിനകം ലൈസൻസിന് അനുമതി ബിൽ ഉറപ്പാക്കും. ബില്ലിന്റെ ചർച്ചയ്ക്ക് വ്യവസായമന്ത്രി പി രാജീവ് മറുപടി നൽകി. പി നന്ദകുമാർ, പ്രമോദ് നാരായണൻ, കെ ബാബു, വി ശശി, മഞ്ഞളാംകുഴി അലി, പി സി വിഷ്ണുനാഥ്, ഐ സി ബാലകൃഷ്ണൻ, നജീബ് കാന്തപുരം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കള്ള് വ്യവസായ ബോർഡിന് അംഗീകാരം
പരമ്പരാഗത കള്ള് വ്യവസായത്തിന്റെ സംരക്ഷണത്തിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ സഭ പാസാക്കി. കള്ളിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾക്കായി സംരംഭങ്ങൾ സ്ഥാപിക്കുക, അത്യുൽപ്പാദനശേഷിയുള്ള വൃക്ഷം വച്ചുപിടിപ്പിക്കുക, വിനോദ സഞ്ചാര മേഖലകളിൽ ആധുനിക കള്ള് ഷാപ്പ് സ്ഥാപിക്കുക തുടങ്ങിയവ ബോർഡിന്റെ ചുമതലയാകും. എക്സൈസ് മന്ത്രിക്കായി മന്ത്രി പി രാജീവ് ചർച്ചയ്ക്ക് മറുപടി നൽകി.
ക്ഷേമനിധി അംഗങ്ങളായ കയർത്തൊഴിലാളികളുടെയും സ്വയം തൊഴിൽ എടുക്കുന്നവരുടെയും ക്ഷേമനിധി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്ന കേരള കയർത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലും നിയമസഭ പാസാക്കി. തൊഴിലാളികളുടെ അംശാദായവിഹിതം അഞ്ചിൽനിന്ന് 20 രൂപയാക്കും. മണ്ണിലെ ധാതുക്കളിൻമേലുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് സംസ്ഥാനത്ത് ഏകീകൃത നിയമം നടപ്പാക്കുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിനു പകരമുള്ള കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷ്പതമാക്കൽ) ബില്ലും സഭ ഏകകണ്ഠമായി അംഗീകരിച്ചു. കെ ബാബു (നെന്മാറ), കെ ബാബു (തൃപ്പൂണിത്തുറ), തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.