തിരുവനന്തപുരം
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമർശവും ഭീഷണിയുമായി കെ മുരളീധരൻ എംപി. ‘മേയറെ കാണാൻ നല്ല സൗന്ദര്യമുണ്ട്. ഇതൊക്കെ ഒറ്റമഴയിൽമാത്രം കിളിർത്തതാണ്. മഴയുടെ കരുത്ത് കഴിയുമ്പോൾ സംഭവം തീരും’–- തുടങ്ങിയ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് നടത്തിയത്. വനിതകളെ ഉപയോഗിച്ച് മേയറെ തടയുമെന്ന ഭീഷണിയും മുഴക്കി. ഡിസിസി നേതൃത്വത്തിൽ സംഘടിപ്പിച്ച കോർപറേഷൻ ധർണയിലായിരുന്നു മുരളീധരന്റെ പരാമർശങ്ങളും ഭീഷണിയും.
‘വായിൽനിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപാട്ടിനേക്കാൾ ഭയാനകമായ വർത്തമാനമാണ്. ഒരുപാട് പേരെ കണ്ട നഗരസഭയാണ് ഇതെന്ന് ഓർമിപ്പിക്കുന്നു. ഈ രീതിയിൽ മുന്നോട്ടു പോയാൽ വനിതകളെ ഉപയോഗിച്ച് മേയറെ തടയും. സമരം നടത്തുന്ന കൗൺസിലർമാരുടെ മുന്നിൽ മേയറുടെ തെറിവിളി ടെലികാസ്റ്റ് ചെയ്യുന്നു. ടിവി എറിഞ്ഞ് പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല.
നികുതിപ്പണംകൊണ്ട് വാങ്ങിയ ടിവി തകർക്കാൻ പാടില്ലെന്ന് വിചാരിച്ചാണ് ആത്മസംയമനം പാലിക്കുന്നതെന്നും’ മുരളീധരൻ വാചാലനായി. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസംഗത്തിനെതിരെ പ്രതിഷേധം ഉയർന്നു. ജനപ്രതിനിധിയായ മുരളീധരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുഴുവൻ ജനാധിപത്യവാദികളും പ്രതികരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു.