ന്യൂഡൽഹി
ജമ്മു കശ്മീരിന്റെ വികസനത്തിനാണ് 370–-ാം വകുപ്പ് റദ്ദാക്കിയതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന്റെ ഫലം 2024ഓടെ പ്രകടമാകുമെന്നും ശ്രീനഗറിൽ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായി സംസാരിക്കണമെന്നാണ് ഫാറൂഖ് അബ്ദുള്ള പറയുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായി അനുഭവസമ്പത്തുള്ളയാളാണ്. ഫാറൂഖിനോടും നിങ്ങളോടും പറയാനുള്ളത് ചർച്ച ആവശ്യമെങ്കിൽ അത് താഴ്വരയിലെ ജനങ്ങളുമായി നടത്തുമെന്നാണ്. നിങ്ങളുമായി ഞങ്ങൾ ചർച്ച ആഗ്രഹിക്കുന്നു–- അമിത് ഷാ പറഞ്ഞു.
പ്രസംഗിക്കുന്നതിന് മുമ്പായി മുന്നിലുണ്ടായിരുന്ന ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് അമിത് ഷാ നീക്കാൻ ആവശ്യപ്പെട്ടു. കശ്മീരി പരമ്പരാഗത കുപ്പായമായ ‘ഫിരൻ’ ധരിച്ചാണ് ഷാ എത്തിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് ഷാ ശ്രീനഗറിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് ജമ്മുവിലെ ഇന്തോ –- പാക് അതിർത്തി മേഖല സന്ദർശിച്ചു. മക്വാൽ അതിർത്തി ഔട്ട്പോസ്റ്റും ബങ്കറുകളും പരിശോധിച്ചു.
തിങ്കളാഴ്ച ഗന്ധർബാലിലെ ഖീർ ഭവാനി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി. പുൽവാമയിലെ സിആർപിഎഫ് ക്യാമ്പും സന്ദർശിച്ചു. ചൊവ്വാഴ്ച ഡൽഹിക്ക് മടങ്ങും.