ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നൽകിയ എസ്. എഫ്.ഐ മുൻ നേതാവ് അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശിൽ. ഇവിടെയുള്ള ഒരു അധ്യാപക ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് ഇവർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഒരു വയസാണ് കുഞ്ഞിനുള്ളത്. നാല് വർഷം മുമ്പ് ഓൺലൈൻ വഴിയാണ് തങ്ങൾ അപേക്ഷ നൽകിയത്. തുടർന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ദത്തെടുത്തത്. അവസാനമായിഈ മാസം തിരുവനന്തപുരം കുടുംബ കോടതിയിൽഒരു സിറ്റിങ്ങുണ്ടായിരുന്നു. അതും പൂർത്തീകരിച്ചു.ഇപ്പോൾ താത്കാലിക ദത്തായിട്ടാണുള്ളത്. ഏറ്റവും ഒടുവിലായി ഒരു സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രം മതിയെന്ന്ദമ്പതികൾ പറയുന്നു. അതും തങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷയാണുള്ളതെന്നും അവർ വ്യക്തമാക്കി.
കുഞ്ഞുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ദമ്പതികൾ അറിഞ്ഞിട്ടുണ്ട്. ശിശുക്ഷേമ സമിതിയിൽ നിന്ന് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ വഴിയും അവർക്ക് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.സുരക്ഷിതമായി, സന്തോഷത്തോടെയാണ് കുഞ്ഞ് തങ്ങൾക്കൊപ്പം കഴിയുന്നതെന്നും ദമ്പതികൾ വ്യക്തമാക്കി.
നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയത് കൊണ്ട് മറ്റു ആകുലതകളൊന്നുമില്ലെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു. ദത്തെടുത്ത ആളുകളുടെ സ്വകാര്യത പൂർണമായും മാനിക്കുന്നത് കൊണ്ട് ദത്തെടുത്തവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തയിൽ ഉൾപ്പെടുത്താനാകില്ല.
ഇതിനിടെ ദത്തുനൽകൽ നടപടിക്രമങ്ങളുടെ ഭാഗമായി കേസ് പരിഗണിക്കുന്ന കുടുംബക്കോടതിയിൽ സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകി. ആന്ധ്രാപ്രദേശിൽ ദത്തുനൽകിയ കുഞ്ഞ് തന്റേതാണെന്നും വിട്ടുകിട്ടണമെന്നും ദത്തുനൽകുന്നത് നിർത്തിവെച്ച് ഡി.എൻ.എ. പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സർക്കാർ അന്വേഷണവും നടക്കുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.