തിരുവനന്തപുരം > മുല്ലപ്പെരിയാറില്‍ ഡാമില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാടിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാവധി വെള്ളം കൊണ്ടുപോകണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിലേക്ക് നിലവില്‍ ഒരു സെക്കന്‍ഡില്‍ 2019 കുസെക്സ് ജലമാണ് എത്തുന്നത്. എന്നാല്‍ 1750 കുസെക്സ് ജലം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന രീതിയില്‍ 24 മണിക്കൂര്‍ എങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.