കോട്ടയം
തീവ്രമഴയും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആദ്യ ഉരുൾപൊട്ടി മണിക്കൂറുകൾക്കകം താൻ അവിടെ നേരിട്ടെത്തി.
റോഡ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും വൈകിട്ടോടെ സ്ഥലം എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനൊപ്പം കൂട്ടിക്കലും എത്താൻ സാധിച്ചതായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മന്ത്രിമാരായ കെ രാധാകൃഷ്ണനും വി എൻ വാസവനും കെ രാജനും ഉദ്യോഗസ്ഥ സംഘവും വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതി തീവ്ര മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചതായുള്ള ആരോപണം വാസ്തവവിരുദ്ധമാണ്.
എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായത് ഏറെക്കുറെ പുനഃസ്ഥാപിച്ചു. അവശേഷിക്കുന്നത് ഉടൻ പൂർവസ്ഥിതിയിലാക്കും. മഴമാറി സാഹചര്യം അനുകൂലമായാലും ഉടൻ വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകും. പ്രളയത്തിൽ നഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.