കൽപ്പറ്റ
ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് കോഴ നൽകിയ കേസിൽ ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷയിൽ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നവംബർ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി ശബ്ദ സാമ്പിൾ നൽകണം.
കേസിൽ ഒന്നാം പ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും മുഖ്യ സാക്ഷി ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്റെ ശബ്ദവും പരിശോധിച്ചിരുന്നു. ബത്തേരി മണിമല ഹോംസ്റ്റേയിൽവച്ച് പ്രശാന്ത് പൂജാദ്രവ്യത്തിന്റെ ഒപ്പം 25 ലക്ഷം രൂപ സി കെ ജാനുവിന് കോഴയായി നൽകിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. പണമിടപാട് സംബന്ധിച്ച് കെ സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി ഗണേഷൻ, മറ്റ് ബിജെപി ഭാരവാഹികൾ, പ്രസീത എന്നിവരുമായി പ്രശാന്ത് നടത്തിയ സംഭാഷണം തെളിവാണ്. ഇയാളുടെ മൊബെലിൽനിന്ന് അന്വേഷകസംഘം തെളിവ് ശേഖരിച്ചിരുന്നു.
പണം കൈമാറിയ ബത്തേരിയിലെ ഹോംസ്റ്റേയിലും തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കേസിൽ രണ്ടാം പ്രതിയായ സി കെ ജാനുവിന്റെ വീട്ടിൽ നിന്ന് രേഖകളും ഫോണും പിടിച്ചെടുത്തിരുന്നു.