വാഷിങ്ടൺ
മസ്തിഷ്കമരണം സംഭവിച്ച രോഗിയിൽ പന്നിയുടെ വൃക്ക വിജയകരമായി പ്രവർത്തിപ്പിക്കാനായത് അവയവമാറ്റരംഗത്ത് അത്ഭുതങ്ങൾക്ക് വഴിവയ്ക്കുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ അമേരിക്കൻ ഡോക്ടര്‍ .
അവയവങ്ങളുടെ പുനരുപയോഗമെന്ന വലിയ സാധ്യതയിലേക്കാണ് ഈ പരീക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണം നയിക്കുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. റോബർട്ട് എ മൊൻട്ഗോമെറി പറഞ്ഞു.ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക കഴിഞ്ഞമാസം 25നാണ് ന്യൂയോർക്കിലെ എൻവൈയു ലാൻഗോൺ ആശുപത്രിയിൽ മനുഷ്യശരീരവുമായി ഘടിപ്പിച്ചത്. മനുഷ്യശരീരത്തിൽ കാണപ്പെടാത്ത പ്രത്യേകതരം പഞ്ചസാര തന്മാത്ര (ആൽഫ- ഗാൾ) പന്നിയുടെ ശരീരത്തിൽനിന്ന് ഒഴിവാക്കാൻവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത്. വൃക്ക മനുഷ്യശരീരത്തിനുള്ളിൽ തുന്നിച്ചേർത്തില്ല. രക്തക്കുഴലുകൾ പുറത്തെടുത്ത് വൃക്കയുമായി ബന്ധിപ്പിച്ചു. ഉടൻ വൃക്ക പ്രവർത്തിക്കുകയും രക്തത്തിൽനിന്ന് മാലിന്യം നീക്കംചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു.
മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ ശരീരം പരീക്ഷണത്തിനായി രണ്ടു ദിവസത്തേക്ക് ബന്ധുക്കൾ വിട്ടുനൽകുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം 54 മണിക്കൂർ വൃക്ക പ്രവർത്തിച്ചത് മെഡിക്കൽ സംഘം നിരീക്ഷിച്ചു. പിന്നീട് വെന്റിലേറ്ററിൽനിന്ന് രോഗിയെ മാറ്റി.
ശാസ്ത്രീയമായ സ്ഥിരീകരണം ലഭിച്ചാൽ ഈ പരീക്ഷണം അവയവമാറ്റരംഗത്ത് പുത്തൻ കാൽവയ്പ് ആകുമെന്ന് ലോകമെങ്ങുമുള്ള വിദഗ്ധർ പ്രതികരിച്ചു.
ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പന്നിവൃക്ക പരീക്ഷിക്കുകയാണ് അടുത്ത കടമ്പ. പന്നിയുടെ ഹൃദയവാൽവും തൊലിയും കോർണിയയും നിലവിൽ മനുഷ്യരിൽ ഉപയോഗിക്കുന്നു.