കൊച്ചി
കാലവസ്ഥാ വ്യതിയാനത്തെത്തുടന്ന് കടലിൽപ്പോകുന്ന ദിനങ്ങൾ ഗണ്യമായി കുറഞ്ഞതും ഇന്ധന വിലവർധനയും മത്സ്യമേഖലയെ തകർത്തെറിയുന്നു. ആഗോള കുത്തകകൾക്കു കടൽ തുറന്നുകൊടുക്കുന്ന ബ്ലൂഎക്കോണമി പോലെയുള്ള കേന്ദ്രസർക്കാർ നയങ്ങളുംകൂടിയായതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.
വർഷം 120 ദിവസംവരെ മീൻപിടക്കാൻ കടലിൽ പോയിരുന്നവർക്ക് ഇപ്പോൾ 40 ദിവസം മാത്രമാണ് പോകാനാകുന്നത്. ലഭിക്കുന്ന മീനിന്റെ അളവും കാര്യമായി കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. വലിയ വള്ളങ്ങളിൽ മീൻപിടിക്കുന്ന തൊഴിലാളിയുടെ വാർഷിക വരുമാനം 2012ൽ 89,000 രൂപയായിരുന്നത് 2018 ആയപ്പോൾ 47,000 രൂപയായി.
ഡീസൽ വിലവർധനയാണ് മത്സ്യമേഖലയ്ക്ക് ഉണ്ടായ മറ്റൊരു തിരിച്ചടി. ലിറ്ററിന് 100 രൂപ കടന്നതോടെ ദൈനംദിനച്ചെലവ് കുതിച്ചുകയറുകയാണ്. കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി വള്ളം ഇറക്കിയവരടക്കം വറുതിയിലായി. ബ്ലൂഎക്കോണമി വഴി ആഴക്കടൽ മീൻപിടിത്തം പൂർണമായി കുത്തകകൾക്ക് കൈമാറുന്ന കേന്ദ്രസർക്കാർ നയംകൂടിയായതോടെ മത്സ്യമേഖല കരകാണാക്കയത്തിലായി. ഇതിനെതിരെ മത്സ്യമേഖലയാകെ പ്രതിഷേധത്തിലാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.