ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെതുടർന്നുണ്ടായ പ്രളയക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 52 ആയി. 11 പേരെ കണ്ടെത്താനുണ്ട്. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാൽ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനംമാത്രമാണ് സാധ്യം.
നൈനിറ്റാൾ ഉൾപ്പെടുന്ന കുമാവൂംമേഖലയിൽ 24 മണിക്കൂറിൽ 44.5 സെന്റീമീറ്റർ മഴ പെയ്തു. 29 പേർ മരിച്ചു. പ്രതിരോധസേനകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്)യുടെ 15 സംഘവും സംസ്ഥാന ഏജൻസികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഉരുൾപൊട്ടലിനു പുറമെ നദികൾ ഗതിമാറി ഒഴുകുകയും ചെയ്തതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകും. പ്രളയബാധിതമേഖലകൾ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ സന്ദർശിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരാഴ്ചയെടുത്തേക്കും.പുലർച്ചെ അഞ്ചിനുണ്ടായ മേഘവിസ്ഫോടനമാണ് നൈനിറ്റാളിൽ വൻ നാശമുണ്ടാക്കിയത്.
ഹൽദ്വാനിയിൽ ഗൗല നദിയിലെ പാലം ഒലിച്ചുപോയി. ഷിപ്ര, കോസി നദികളും കരകവിഞ്ഞു. ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടകം, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരും വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്.
സിക്കിമിലും മണ്ണിടിച്ചില്‍
ശക്തമായ മഴയില്‍ സിക്കിമിലും പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലും ശക്തമായ മണ്ണിടിച്ചില്‍. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഹിമാലയന്‍ താഴ്വര മേഖലയില്‍ കുടുങ്ങി. ദേശീയപാത പത്തില്‍ പലയിടത്തും മണ്ണും കല്ലുംവീണതോടെ സിക്കിം-, ബംഗാള്‍ ഗതാഗതം നിലച്ചു. ഡാര്‍ജിലിങ്ങിലും ജല്പായ്ഗുഡിയിലും വ്യാപകനാശനഷ്ടം.
ടീസ്ത നദി കരകവിഞ്ഞതോടെ സിക്കിമിന്റെ കവാടമായ റന്ഗ്പോ പാലത്തിന്റെ ഉരുക്കുതൂണുകള്‍ തകര്‍ന്നു. വടക്കന്‍ ബംഗാളിലെ മലയോരമേഖലയിലാണ് വിനോദസഞ്ചാരികല്‍ കുടുങ്ങി കിടക്കുന്നത്.