കൊല്ലം: വാഹന പരിശോധനയ്ക്കിടെ തെറ്റായ മേൽവിലാസം നൽകി കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരേ പോലീസ് കേസെടുത്തു. വാഹന പരിശോധന നടത്തുകയായിരുന്ന ചടയമംഗലംപോലീസിന് അയോധ്യയിലെ ദശരഥ പുത്രൻ രാമന്റെ വിലാസം നൽകിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നന്ദകുമാറിനെതിരേയാണ് നടപടി.
രാമന്റെ മേൽവിലാസത്തിൽ പോലീസ് പെറ്റി അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെതിരേ ആൾമാറാട്ടത്തിന് അടക്കമാണ് ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ മാസം 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ച നന്ദകുമാറിനെ വാഹന പരിശോധനയ്ക്കിടെ ചടയമംഗലം പോലീസ് പിടികൂടി 500 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ടു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ദശരഥനേയും രാമനേയുമൊക്കെ ചടയമംഗലത്തേക്ക് വലിച്ചിഴച്ചത്.
നന്ദകുമാർ പറഞ്ഞ വിലാസം തെറ്റാണെന്ന് മനസിലായിട്ടും അതേ മേൽവിലാസത്തിൽ തന്നെയാണ് പോലീസ് ഉദ്യോഗസ്ഥൻ പെറ്റി അടിച്ചത്. പേര് എന്തായാലും സർക്കാരിന് കാശ് കിട്ടിയാൽ മതിയെന്നായിരുന്നു പിഴയൊടുക്കിയ പോലീസുകാരന്റെ മറുപടി. ഇതോടെ പോലീസിനെ ട്രോളുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. ഇതിന് പിന്നാലെ വണ്ടിയുടെ നമ്പർ വെച്ച് ഉടമയെ കണ്ടെത്തി മൂന്ന് വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.
നന്ദകുമാറിന്റെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.
content highlights:case against dasharatha puthran who tried to cheat police