പാലക്കാട്: കനത്ത മഴയെ തുടർന്ന് മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടൽ. പാലക്കാട് മംഗലം ഡാം പരിസരത്ത് രണ്ടിടങ്ങളിലും മലപ്പുറം പെരിന്തൽമണ്ണയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ടിടത്തും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. മംഗലം ഡാം പരിസരത്ത് വി.ആർ.ടിയിലും, ഓടത്തോടിലുമാണ് ഉരുൾപൊട്ടലുണ്ടായത്. 50ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചു. മലവെള്ള പാച്ചിലിൽ വെള്ളം കുത്തിയൊലിച്ച് എത്തിയെങ്കിലും ആർക്കും സാരമായ പരിക്കുകളില്ല.
അപകട ഭീഷണി മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുന്നതിന് അധികൃതർ നിർദേശം നൽകിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കുന്നതിന് സഹായിച്ചു. പ്രദേശത്ത് മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ 40 കുടുംബങ്ങളെ അടുത്തുള്ള വി.ആർ.ടി പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്. കിഴക്കഞ്ചേരി 1 വില്ലേജിലെ പാലക്കുഴി മലയോരത്തെ കൽക്കുഴി, പി.സി.എ, വിലങ്ങുംപാറ എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്മാറ്റി താമസിപ്പിച്ചു വരികയാണ്.
മലപ്പുറം പെരിന്തൽമണ്ണയിൽ താഴെക്കോടാണ് ഉരുൾപൊട്ടലുണ്ടായത്. മംഗലം ഡാം പരിസരത്ത് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമില്ല. പള്ളികളും ഓഡിറ്റോറിയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ആളുകൾ സമീപത്തെ ബന്ധുവീട്ടുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. പെരിന്തൽമണ്ണയിൽ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തൃശ്ശൂരിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമുകൾക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിങ്ങൽക്കുത്ത്, പീച്ചി, ഷോളയാർ ഡാമുകൾക്കാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സമീപവാസികൾക്ക് ജാഗ്രത നിർദേശം നൽകി. വയനാടും മലപ്പുറത്തും കനത്ത മഴ പെയ്യുന്നുണ്ട്. വയനാട് സുൽത്താൻ ബത്തേരിയിൽ കടകളിൽ വെള്ളം കയറി. മലപ്പുറം വഴിക്കടവ് രണ്ടാംപാടത്ത് അത്തിത്തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. നാടുകാണി-വഴിക്കടവ് റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകലിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂർ സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നതിനാൽ ജാഗ്രത നിർദേശം നൽകി. കണ്ണൂർ ജില്ലയുടെ മലയോര മേഖലകലിലും ശക്തമായ മഴ പെയ്യുന്നുണ്ട്. കനത്ത മഴയെ തുടർന്ന് കോട്ടയം പൂഞ്ഞാറിൽ രണ്ടിടത്ത് മഞ്ഞിടിച്ചിലുണ്ടായി. മംഗളഗിരി മുപ്പതേക്കർ എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
Content Highlights: heavy rain and landslide in various parts of kerala