തിരുവനന്തപുരം
തർക്കം രൂക്ഷമായതോടെ കെപിസിസി ഭാരവാഹിപ്പട്ടിക സമർപ്പിക്കാതെ പ്രസിഡന്റ് കെ സുധാകരനും ഡൽഹിയിൽനിന്ന് തിരിച്ചെത്തി. ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ തങ്ങളുമായി ചർച്ച നടത്തിയില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ പരാതിപ്പെട്ടു. പട്ടികയിൽ ആരൊക്കെയുണ്ടെന്നുപോലും അറിയില്ലെന്നും ഇവർ പറഞ്ഞു.
പട്ടികയിൽ ഉൾപ്പെടുത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നൽകിയ പേരുകളെ ചൊല്ലിയാണ് തർക്കം മുറുകിയത്. മൂന്നുപേരെ ഭാരവാഹികളാക്കണമെന്നായിരുന്നു ആവശ്യം. മുൻ കെപിസിസി സെക്രട്ടറി കെ ജയന്തിനെ ഭാരവാഹിയാക്കുന്നതിനെതിരെ സംസ്ഥാന നേതാക്കൾ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. ചിലർക്കുവേണ്ടി മാനദണ്ഡങ്ങൾ മാറ്റുന്നതിനെയും ഗ്രൂപ്പുകൾ എതിർത്തു.
മുതിർന്ന നേതാക്കളുമായുള്ള ചർച്ച പൂർത്തിയായെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം മുൻ കെപിസിസി പ്രസിഡന്റുമാരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. സതീശൻ ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും വ്യക്തമായി. കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ച എ വി ഗോപിനാഥിനെ പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. പത്മജ വേണുഗോപാലോ ബിന്ദു കൃഷ്ണയോ വൈസ് പ്രസിഡന്റാകും. കെ ശിവദാസൻ നായർ, വി എസ് ശിവകുമാർ, വി ടി ബൽറാം, വി പി സജീന്ദ്രൻ, കെ എസ് ശബരീനാഥൻ എന്നിവർ പട്ടികയിൽ കയറിക്കൂടി. എറണാകുളത്തുനിന്നുള്ള ജമാൽ മണക്കാടൻ ട്രഷറർ ആയേക്കും.
മുതിർന്ന നേതാക്കളുമായുള്ള തർക്കം പരിഹരിച്ച് പട്ടികയുമായി വരാനാണ് സുധാകരനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തിയെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. എ, ഐ ഗ്രൂപ്പുകൾക്ക് ഇതിൽ കടുത്ത അതൃപ്തിയുണ്ട്.