ന്യൂഡൽഹി
യുപി ലഖിംപുർ ഖേരിയിൽ നാലു കർഷകരെ വണ്ടികയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിനാണ് (എസ്ഐടി) മിശ്രയെ കൈമാറിയത്. ഉപാധികളോടെയാണ് കസ്റ്റഡി. കഴിഞ്ഞ ദിവസം മിശ്രയെ രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ചോദ്യം ചെയ്യലിനായി മിശ്രയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് തിങ്കളാഴ്ച കോടതിയിൽ എസ്ഐടി അറിയിക്കുകയായിരുന്നു. 14 ദിവസത്തേക്കാണ് എസ്ഐടി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ചോദ്യം ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ നിശ്ചിത അകലം പാലിക്കണമെന്നും കസ്റ്റഡി കാലാവധിക്കുശേഷം വൈദ്യപരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ആശിഷ് മിശ്രയുടെ അഭിഭാഷകന്റെ സാന്നിധ്യവും അനുവദിച്ചിട്ടുണ്ട്.ഒക്ടോബർ മൂന്നിനാണ് നാലു കർഷകർ ആശിഷ് മിശ്രയുടെ എസ്യുവി ഇടിച്ച് കൊല്ലപ്പെട്ടത്. സുപ്രീംകോടതി അടക്കം അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് അറസ്റ്റുണ്ടായത്.ലഖിംപുർ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. കേന്ദ്രമന്ത്രിസഭയിൽനിന്ന് അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.