കാബൂൾ
സ്ത്രീകളെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽനിന്ന് വിലക്കുന്ന താലിബാന് സർക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് അഫ്ഗാനിസ്ഥാനില്‍ വീണ്ടും വനിതാ പ്രതിഷേധം. കാബൂളില്‍ പ്രതിഷേധത്തില്‍ നൂറുകണക്കിനു സ്ത്രീകൾ പങ്കെടുത്തു. സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കുംവരെ പ്രതിഷേധം തുടരുമെന്ന് പ്രകടനത്തിന്റെ ഭാഗമായ വനിതാ അവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
മുന്‍ നയങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകളോടുള്‍പ്പെടെ കൂടുതല്‍ വിശാലമായ സമീപനമായിരിക്കും കൈക്കൊള്ളുക എന്ന താലിബാന്റെ വാഗ്ദാനവും രാജ്യത്തെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന യാഥാർഥ്യവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.