പാരിസ്
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി–മാഞ്ചസ്റ്റർ സിറ്റി അങ്കം വീണ്ടും. പിഎസ്ജി തട്ടകമായ പാരിസിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളിക്കാനെത്തുന്നു. ഗ്രൂപ്പ് എയിൽ ക്ലബ് ബ്രുജിനോട് സമനില വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് പിഎസ്ജി. സിറ്റി ആദ്യകളിയിൽ ആർ ബി ലെയ്-പ്-സിഗിനെ തകർത്തു.
പരിക്കുമാറി ലയണൽ മെസി കളത്തിൽ ഇറങ്ങുമെന്നതാണ് പിഎസ്ജിക്ക് ആവേശം നൽകുന്നത്. ബ്രുജിനെതിരെ മെസിക്ക് തിളങ്ങാനായില്ല. ഫ്രഞ്ച് ലീഗിൽ അവസാന രണ്ട് കളി പരിക്കുകാരണം നഷ്ടമാകുകയും ചെയ്തു. സൂപ്പർ താരങ്ങളെ ഇറക്കി ചാമ്പ്യൻസ് ലീഗ് കിരീടം കൊയ്യാനുള്ള ഒരുക്കത്തിലാണ് ഈ സീസണിൽ പിഎസ്ജിയുടെ ഒരുക്കം. എന്നാൽ ബ്രുജിനോടുള്ള സമനില ചോദ്യങ്ങളുയർത്തുന്നു. പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോ സമ്മർദത്തിലാണ്. മെസിക്കൊപ്പം നെയ്മറും കിലിയൻ എംബാപ്പെയും ചേരുമ്പോൾ സിറ്റിയെ മറികടക്കാമെന്ന പ്രതീക്ഷയാണ് പിഎസ്ജിക്ക്.
കഴിഞ്ഞ സീസണിൽ സിറ്റിയോട് സെമി ഇരുപാദത്തിലും തോറ്റായിരുന്നു പിഎസ്ജി മടങ്ങിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ വീഴ്ത്തിയാണ്- സിറ്റി വരുന്നത്. കഴിഞ്ഞതവണ പാരിസിൽ 2–1നായിരുന്നു സിറ്റിയുടെ ജയം. കെവിൻ ഡി ബ്രുയ്നും ജാക് ഗ്രീലിഷും ഉൾപ്പെട്ട മധ്യനിരയാണ് സിറ്റിയുടെ കരുത്ത്. പ്രതിരോധത്തിൽ റൂബൻ ഡയസും ജോയോ കാൻസെലോയും.
പെപ് ഗ്വാർഡിയോളയ്ക്കുകീഴിൽ കിരീടം നേടാനുറച്ചാണ് സിറ്റി ഇക്കുറി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങുന്നത്. ആദ്യ കളിയിൽ ലെയ്-പ്-സിഗിനെ 6–3നാണ് സിറ്റി തകർത്തത്.
എസി മിലാൻ–അത്-ലറ്റികോ മത്സരമാണ് മറ്റൊരു ശ്രദ്ധേയ പോരാട്ടം. മിലാൻ ആദ്യകളിയിൽ ലിവർപൂളിനോട് തോറ്റു. അത്-ലറ്റികോ പോർട്ടോയോട് സമനില വഴങ്ങി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലിവർപൂൾ പോർട്ടോയെ നേരിടും. ഗ്രൂപ്പ് സിയിൽ റയൽ മാഡ്രിഡിന് ഷെരിഫ് ആണ് എതിരാളികൾ. ഇന്റർ മിലാൻ ഷക്താർ ഡൊണെസ്-തകുമായി കളിക്കും.