കണ്ണൂർ
ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസ് പിൻവലിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി കണ്ണൂർ ഡിസിസി ഓഫീസ് മുൻ സെക്രട്ടറി എം പ്രശാന്ത് ബാബു. 32 കോടി രൂപ തട്ടിയെന്ന വിജിലൻസ് കേസ് പിൻവലിക്കാൻ ചെന്നൈ ആസ്ഥാനമായുള്ള ചിട്ടിക്കമ്പനി ഉടമ ഇടപെട്ടാണ് വയനാട് കാട്ടിക്കുന്നിലെ ബന്ധുവഴി പ്രശാന്ത് ബാബുവിനെ സമീപിച്ചത്. വഴങ്ങിയില്ലെങ്കിൽ രണ്ടുകാലിൽ നടക്കില്ലെന്ന ഭീഷണിയുമുണ്ടായി. എന്നാൽ, വാഗ്ദാനത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും പ്രശാന്ത് ബാബു പറഞ്ഞു.
സ്കൂൾ ഏറ്റെടുക്കാൻ കെ കരുണാകരൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് കോടികൾ പിരിച്ച സുധാകരൻ, പണം ‘എഡ്യൂ പാർക്ക്’ എന്ന സ്വന്തം ട്രസ്റ്റിലേക്ക് മാറ്റിയെന്നാണ് ആരോപണം. ക്രമക്കേട് മനസ്സിലാക്കി ചിറക്കൽ രാജകുടുംബം സ്കൂൾ കൈമാറുന്നതിൽനിന്ന് പിൻവാങ്ങി.
തെളിവ് നൽകാനാകാത്തതിനെത്തുടർന്ന് വിജിലൻസ് കേസ് പൊളിഞ്ഞെന്നാണ് കണ്ണൂരിലെ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞത്. അഴിമതിപ്പണം നിക്ഷേപിച്ച ചെന്നൈയിലെ ചിട്ടിക്കമ്പനി വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. പ്രശാന്ത് ബാബുവിൽനിന്നും തെളിവെടുത്തു.