തിരുവനന്തപുരം
കേരള നോളജ് മിഷൻ ലക്ഷ്യമിടുന്ന വിജ്ഞാന സമൂഹത്തിൽ സ്ത്രീൾക്ക് കൂടുതൽ അവസരം. അഞ്ചുവർഷത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് പുതിയ തൊഴിൽ ഉറപ്പാക്കുമ്പോൾ പകുതിയിൽക്കൂടുതൽ അവസരം വനിതകൾക്കാവും. ഇവർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലും വരുമാനവും ഉറപ്പാക്കും. സ്ത്രീശാക്തീകരണം മുഖ്യഅജൻഡയാക്കി നൈപുണ്യ പരിശീലനത്തിലും തൊഴിലവസര സൃഷ്ടിയിലും സ്ത്രീമുന്നേറ്റം ഉറപ്പാക്കുന്ന കരട് കർമ പരിപാടി കേരള നോളജ് മിഷനുവേണ്ടി കെ ഡിസ്ക് തയ്യാറാക്കി.
ദേശീയ ഏജൻസി സർവേയിൽ ഇന്ത്യയിലെ പ്രൊഫഷണലുകളിൽ 27 ശതമാനം സ്ത്രീകളാണ്. ഇവരിൽ 48 ശതമാനം അഞ്ച് വർഷത്തിനുള്ളിലും അവശേഷിക്കുന്നവരിൽ 65 ശതമാനം അടുത്ത അഞ്ചുവർഷത്തിലും തൊഴിൽ വിടുന്നു. കേരളത്തിൽ ഇതിലും ഉയർന്നതാണ് അനുപാതം. താൽക്കാലികമായി തൊഴിൽ വിട്ടവരെ ഹ്രസ്വകാല പരിശീലനം നൽകി വീടിനടുത്തോ വീട്ടിലിരുന്നോ തൊഴിലെടുപ്പിക്കുന്നതാണ് കർമപദ്ധതിയുടെ മുഖ്യആകർഷണം. ഇതിന് ആരംഭിക്കുന്ന വർക്ക് സ്റ്റേഷനുകൾ സ്ത്രീസൗഹൃദമാക്കും. 21 ലക്ഷം കുടിയേറ്റ ജോലിക്കാരിൽ നാലുലക്ഷത്തോളം വനിതകളാണ്. ജോലി നഷ്ടത്തിലും മറ്റും മടങ്ങിയെത്തുന്നവർക്ക് നേരിട്ട് തൊഴിലവസരവും ഒരുക്കും.
മികവുറ്റ ഉന്നത വിദ്യാഭ്യാസം, സമ്പദ്ഘടനയിൽ പുത്തൻ സാധ്യതകളും വൈജ്ഞാനിക സങ്കേതങ്ങളുടെ ഉപയോഗവും, ഉൽപ്പാദന മേഖലകളിൽ നൂതന സാങ്കേതികവിദ്യയുടെ സന്നിവേശിപ്പിക്കൽ തുടങ്ങിയവയിലും നോളജ് മിഷൻ സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകും. കായിക പ്രധാന തൊഴിൽ മേഖലകളിൽ ഉപകരണ പങ്കാളിത്തം സ്ത്രീതൊഴിലാളികളോടുള്ള വേതന വിവേചനത്തിൽ മാറ്റംവരുത്തും. എൻജിനിയറിങ്, ഐടി, വിദഗ്ധ തൊഴിൽ മേഖലയിലയടക്കം സ്ത്രീപങ്കാളിത്തം ഉയരും. നൈപുണി പരിശീലന ഗുണഭോക്താക്കളിൽ മുക്കാൽപങ്കും വനിതകളായിരിക്കുമെന്ന് കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
തൊഴിൽരഹിത സ്ത്രീകൾ ഏറെ
കേരളത്തിൽ തൊഴിൽരഹിത സ്ത്രീകൾ വളരെ കൂടുതലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജോലി തേടിയവരിൽ 23,75,533 സ്ത്രീകളുണ്ട്. പുരുഷൻമാർ 13,92,070. പ്രൊഫഷണൽ യോഗ്യതയുള്ള തൊഴിൽരഹിതരിലും സ്ത്രീകൾ മുന്നിലാണ്; 1,28,176. പുരുഷൻമാർ 43,716. സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ബിരുദ–-ബിരുദാനന്തര യോഗ്യതയുള്ളവരാണ്. ഇടയ്ക്കുവച്ച് ജോലി ഉപേക്ഷിച്ച അഞ്ചുലക്ഷം സ്ത്രീകളുമുണ്ടെന്ന് സംസ്ഥാന ബജറ്റിലും വ്യക്തമാക്കിയിട്ടുണ്ട്.