തിരുവനന്തപുരം
മയക്കുമരുന്ന് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെമാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും സമൂഹത്തെയാകെ ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല, അതിന് സാമൂഹ്യവിരുദ്ധതയുടെ നിറമാണ്. സാധാരണഗതിയിൽ ആ നിലപാടാണ് നാം എടുക്കേണ്ടത്. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സമൂഹത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കാതിരിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ശ്രദ്ധിക്കണം. നമ്മുടെ നാടിന്റെ പ്രത്യേകതവച്ച് പൊതുവെ എല്ലാവരും അത് മനസ്സിൽ കരുതണം.
‘നർക്കോട്ടിക് ജിഹാദ് ’ ആദ്യമായിട്ട് കേൾക്കുന്നതാണ്. പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറയാനിടയായ സാഹചര്യം എന്താണെന്നോ എന്താണ് ഉദ്ദേശിച്ചതെന്നോ വ്യക്തമല്ല. അദ്ദേഹം മതപണ്ഡിതനും സമൂഹത്തിൽ സ്വാധീനശക്തിയുള്ള ബിഷപ്പുമാണ്. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.