കൊച്ചി
നോക്കുകൂലി തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും പരാതികളിൽ ഉടൻ നടപടി എടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നോക്കുകൂലി തടയുന്നതിന് സ്വീകരിച്ച നടപടി അറിയിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചത്.
ഇക്കാര്യത്തിൽ 2012ൽ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് സർക്കുലർ അയച്ചു. നോക്കുകൂലി വാങ്ങുന്നതും നിർമാണം തടസ്സപ്പെടുത്തുന്നതും ആക്രമണം നടത്തുന്നതും ക്രിമിനൽ കുറ്റമായി കണ്ട് കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. നോക്കുകൂലി സംസ്ഥാനത്തെ ബാധിക്കുന്ന വിപത്താണ്. ഇത് അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളടക്കമുള്ളവരുടെ യോഗം വിളിച്ച് കർശനതീരുമാനം എടുത്തു.
പത്തിന നിർദേശവും തയ്യാറാക്കിയിട്ടുണ്ട്. നിയമാനുസൃത കൂലിയിൽ കൂടുതൽ വാങ്ങിയെന്ന പരാതികളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും 2018 മുതൽ ഇതുവരെ 11 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
യൂണിയനുകൾ നിയമം കൈയിലെടുക്കരുത്: ഹൈക്കോടതി
തൊഴിലാളി യൂണിയനുകൾ നിയമം കൈയിലെടുക്കുന്നത് തടയണമെന്ന് ഹൈക്കോടതി. കൊല്ലം അഞ്ചലിൽ നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികൾ ഹോട്ടൽ നിർമാണം തടയുന്നതിനെതിരെ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം. കേരളത്തിൽ നോക്കുകൂലി ഇല്ലെന്നു പറയാനാകുമോയെന്ന് കോടതി ആരാഞ്ഞു. ബഹിരാകാശകേന്ദ്രത്തിലേക്കുള്ള ചരക്കുവാഹനം തടഞ്ഞത് നല്ല പ്രവണതയല്ല. നോക്കുകൂലി അനുവദിക്കില്ലെന്ന കർശന നിലപാട് സർക്കാർ എടുക്കണം.
കൊല്ലത്തെ പ്രശ്നം ലേബർ ഓഫീസർതലത്തിൽ പരിഹരിക്കാൻ കോടതി നിർദേശിച്ചു. ഹർജിക്കാരൻ വസ്തുതകൾ കോടതിയിൽനിന്ന് മറച്ചുവയ്ക്കുകയാണെന്നും തർക്കം ലേബർ ഓഫീസറുടെ മുന്നിലുണ്ടെന്നത് മിണ്ടുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തൊഴിൽത്തർക്കമുണ്ടായാൽ പ്രശ്നപരിഹാരത്തിന് എന്ത് സത്വരനടപടി എടുക്കാൻ കഴിയുമെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു.