മാഞ്ചസ്റ്റർ
ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാംടെസ്റ്റ് റദ്ദാക്കി. കോവിഡ് ഭീതിയെ തുടർന്നാണ് തീരുമാനം. 10 മുതൽ 14 വരെയാണ് ടെസ്റ്റ് തീരുമാനിച്ചിരുന്നത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് റദ്ദാക്കിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു. അതേസമയം, അടുത്തവർഷം ഈ മത്സരം നടത്താൻ ഇസിബിയും ബിസിസിഐയും ആലോചിക്കുന്നുണ്ട്. മത്സരം നടന്നില്ലെങ്കിൽ ഐസിസി അന്തിമതീരുമാനമെടുക്കും. പരമ്പരയിൽ ഇന്ത്യ 2–1നുമുന്നിലാണ്.
ഇന്ത്യൻ സംഘത്തിൽ വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ ചില കളിക്കാരാണ് കളിക്കാൻ വിമുഖത കാട്ടിയത്. ടീമിലെ രണ്ടാമത്തെ ഫിസിയോ യോഗേഷ് പാർമറിനും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക നിറഞ്ഞത്. മൂന്നാംടെസ്റ്റിനുശേഷം പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കളിക്കാരുടെ ഫലങ്ങളെല്ലാം നെഗറ്റീവാണ്. എങ്കിലും രണ്ടാംഘട്ട ഫലം പുറത്തുവരാനുണ്ട്.
പാർമറുമായി കളിക്കാർ അടുത്ത് ഇടപഴകിയിട്ടുണ്ട്. രോഹിത് ശർമ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇശാന്ത് ശർമ എന്നിവർ ഇക്കൂട്ടത്തിൽപ്പെടും. ഈ സാഹചര്യത്തിൽ കളിക്കാരിൽ ചിലർ ആശങ്ക അറിയിച്ച് ബിസിസിഐക്ക് കത്തെഴുതി. ചില കളിക്കാർ കുടുംബങ്ങളുമായാണ് ഇംഗ്ലണ്ടിലെത്തിയത്. മുതിർന്ന താരങ്ങൾ ഉൾപ്പെടെ കളിക്കാൻ വിസമ്മതിച്ചു. 19നാണ് ഐപിഎല്ലിന് തുടക്കം. പിന്നാലെ ട്വന്റി–20 ലോകകപ്പുമാണ്. ഈയൊരവസ്ഥയിൽ ടെസ്റ്റ് മാറ്റിവച്ച് സമീപകാലത്ത് നടത്താനും കഴിയില്ല.
അഞ്ചാംടെസ്റ്റിൽ ജയം ഇംഗ്ലണ്ടിന് വിട്ടുനൽകിയെന്നായിരുന്നു ഇസിബിയുടെ ആദ്യ ട്വീറ്റ്. പിന്നീട് അവർ അതു തിരുത്തി. ഇസിബിയുമായി ബിസിസിഐ ഏഴുതവണ ചർച്ച നടത്തി. തുടർന്നാണ് രണ്ടു ക്രിക്കറ്റ് ബോർഡുകളും അടുത്തവർഷത്തെ ഏകദിന പരമ്പരയിൽ ഈയൊരു ടെസ്റ്റുകൂടി ഉൾപ്പെടുത്താനുള്ള സാധ്യത തേടിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര.