ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിൽ കൗമാരക്കാരികളുടെ കിരീടപ്പോര്. വനിതാ സിംഗിൾസ് കിരീടത്തിനായി ക്യാനഡയുടെ ലെയ്-ല ഫെർണാണ്ടസും ബ്രിട്ടന്റെ എമ്മ റഡുകാനുവും തമ്മിൽ ഏറ്റുമുട്ടും. ലെയ്-ലയ്-ക്ക് പത്തൊമ്പതും റഡുകാനുവിന് പതിനെട്ടുമാണ് പ്രായം. ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ എട്ടാംതവണയാണ് കൗമാരതാരങ്ങൾ തമ്മിൽ കിരീടപ്പോരിന് ഇറങ്ങുന്നത്. ഞായറാഴ്ചയാണ് ഫൈനൽ.
സീഡില്ലാതെ ഇറങ്ങിയ ലെയ്-ല സെമിയിൽ ബെലാറസിന്റെ അറീന സബലേങ്കെയെ തോൽപ്പിച്ചു (7–6, 4–6, 6–4). 73–ാംറാങ്കുകാരിയായ ലെയ്-ല നിലവിലെ ചാമ്പ്യൻ നവോമി ഒസാക, അഞ്ചാംസീഡ് എലീന സ്വിറ്റോളിന എന്നിവരെയും തകർത്തിരുന്നു.റഡുകാനുവിന്റെയും സ്വപ്നക്കുതിപ്പായിരുന്നു. 17–ാംസീഡ് മരിയ സക്കാരിയെയാണ് റഡുകാനു സെമിയിൽ വീഴ്-ത്തിയത് (6–1,6–4). യോഗ്യതാറൗണ്ടിലൂടെ എത്തി ഗ്രാൻഡ് സ്ലാം ഫെെനൽവരെ മുന്നേറിയ ആദ്യതാരമാണ് റഡുകാനു.
1999ൽ സെറീന വില്യംസും മാർട്ടിന ഹിങ്ഗിസും തമ്മിലുള്ള ഫെെനലായിരുന്നു യുഎസ് ഓപ്പണിൽ അവസാനം നടന്ന കൗമാരപ്പോരാട്ടം. കളിയിൽ സെറീനയ്ക്കായിരുന്നു ജയം. പുരുഷസെമിയിൽ നൊവാക് ജൊകോവിച്ച് ജർമനിയുടെ അലെക്സാണ്ടർ സ്വരേവിനെയും ഡാനിൽ മെദ്-വെദെവ് ക്യാനഡയുടെ ഫെലിക്സ് ഓഗെർ അലിയാസിമെയെയും നേരിടും.