ബ്യൂണസ് ഐറിസ്
ലാറ്റിനമേരിക്കയിലെ മികച്ച ഗോളടിക്കാരനെന്ന റെക്കോഡ് ഇനി ലയണൽ മെസിക്ക്. ബ്രസീൽ ഇതിഹാസം പെലെയെ മറികടന്ന മെസിക്ക് രാജ്യാന്തര ഫുട്ബോളിൽ 79 ഗോളായി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയക്കെതിരെ ഹാട്രിക് അടിച്ചാണ് മെസിയുടെ കുതിപ്പ്. പെലെയ്-ക്ക് 77 ഗോളാണ്. 92 മത്സരങ്ങൾ കളിച്ചു. മെസിയുടെ നേട്ടം 153–ാംമത്സരത്തിൽനിന്നാണ്. ആകെ ഗോൾനേട്ടക്കാരിൽ അഞ്ചാംസ്ഥാനം.
111 ഗോളുമായി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ. അലി ദേയി (109, ഇറാൻ), മൊക്താർ ദഹാരി (89, മലേഷ്യ), ഫെറെങ്ക് പുസ്കാസ് (84, ഹംഗറി) എന്നിവരാണ് മുന്നിൽ. സാംബിയയുടെ ഗോഡ്ഫ്രി ചിതാലുവിനും 84 ഗോളാണ്. റൊണാൾഡോയും മെസിയും മാത്രമാണ് ഈ പട്ടികയിൽ നിലവിൽ കളിക്കുന്നവർ. മത്സരശേഷം സ്വന്തം കാണികൾക്കുമുന്നിൽ കോപ കിരീടവുമായി മെസിയും സംഘവും അണിനിരന്നു. ജൂലെെയിലാണ് ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ ചാമ്പ്യൻമാരായത്. ഒരു ഗോളിനായിരുന്നു ജയം.
ബൊളീവിയക്കെതിരെ കളി തുടങ്ങി 14–-ാംമിനിറ്റിൽ മെസി ഗോളടിച്ച് പെലെയുടെ റെക്കോഡിനൊപ്പമെത്തി. രണ്ടാംപകുതിയിൽ റെക്കോഡ് ഭേദിച്ചു. അവസാനഘട്ടത്തിലായിരുന്നു ഹാട്രിക്. കോവിഡ് വിവാദത്തിൽ ബ്രസീലുമായുള്ള മത്സരം മുടങ്ങിയതിനുശേഷമുള്ള ആദ്യ കളിയായിരുന്നു അർജന്റീനയുടേത്. ബ്രസീൽ വനിതാ താരം മാർത്തയാണ് ലാറ്റിനമേരിക്കയിൽ കൂടുതൽ ഗോൾ നേടിയത്. 109 ഗോൾ മാർത്ത നേടി.