മണ്ണാർക്കാട്
നെല്ലിപ്പുഴ ഹിൽവ്യൂ ടവർ ഹോട്ടലിലെ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. ഹോട്ടലിൽ താമസിച്ച മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ് ബഷീർ (58), പട്ടാമ്പി വിളയൂർ മഞ്ചിരിപടി സ്വദേശി പുഷ്പലത (42) എന്നിവരാണ് മരിച്ചത്. ജീവനക്കാർ ഉൾപ്പെടെ ആറുപേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.വെള്ളിയാഴ്ച പുലർച്ചെ 2.55നായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
റസ്റ്റോറന്റിലും താമസമുറികളിലുമാണ് ആദ്യം തീപടർന്നത്. പുക ഉയർന്നതിനാൽ രക്ഷപ്പെടാനാകാതെ രണ്ടാം നിലയിൽ കുടുങ്ങി ബോധംകെട്ട ബഷീറിനെയും പുഷ്പലതയെയും അഗ്നിശമന സേനാംഗങ്ങൾ പുറത്തെത്തിച്ച് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. രണ്ടാംനിലയിലെ മുറിയിൽ കുടുങ്ങിയ പത്തിരിപ്പാല ഷറഫുൽ മൻസിലിൽ അക്ബർ അലിയെ വലയില്‍ കെട്ടിയിറക്കി രക്ഷിച്ചു. തീ പടരുന്നതുകണ്ട ജീവനക്കാർ മറ്റു മുറികളിലെ താമസക്കാരെയും പുറത്തിറക്കി.
സമീപത്തെ കാർ ഷോറൂമിലേക്ക് തീപടരാതിരുന്നത് വലിയ അപകടം ഒഴിവായി. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീറിന്റെതാണ് കെട്ടിടം. നാലുനിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീ ആദ്യം പടർന്നത്. അടുക്കളയിലേക്ക് തീ പടരാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.