വാഷിങ്ടൺ
ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരുരാജ്യവും തമ്മിലുള്ള മത്സരം തുടരുമ്പോൾത്തന്നെ സംഘർഷം ഒഴിവാക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. നയതന്ത്രബന്ധം, അഫ്ഗാനിസ്ഥാൻ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സംഭാഷണം 90 മിനിറ്റ് നീണ്ടു. ബൈഡൻ അധികാരത്തിലെത്തിയശേഷം ഇരുവരും തമ്മിലുള്ള രണ്ടാമത്തെ ഫോൺ സംഭാഷണമാണിത്. ചൈന–- യുഎസ് നയതന്ത്ര ബന്ധം മോശമാകുന്നത് കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങളിലെ സഹകരണത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശ മന്ത്രി വാങ് യി മുന്നറിയിപ്പ് നൽകിയിരുന്നു.