കാബൂൾ > സ്വന്തം ജനതയെ രക്ഷിക്കാൻ താലിബാനെതിരെ ആയുധമെടുത്ത് പോരാടാനിറങ്ങിയ ആദ്യവനിതകളിൽ ഒരാളായ ചഹർകിന്റ് ജില്ലാ ഗവർണർ സലീമ മസാരി താലിബാന്റെ പിടിയിലായതായി സൂചന. അഫ്ഗാൻ പിടിച്ചടക്കാൻ ഇറങ്ങിപുറപ്പെട്ട താലിബാൻ പടയ്ക്ക് സലീമ മസാരിയെന്ന വനിതാ ഗവർണർ ഉണ്ടാക്കിയ തലവേദനകൾ ചില്ലറയായിരുന്നില്ല.
പ്രവിശ്യകൾ ഒരോന്നായി വീഴമ്പോഴും ദുർബലമെന്ന് കരുതിയ അഫ്ഗാൻ സേനയെ നയിക്കാൻ ആയുധമെടുത്ത സലീമ എന്നും താലിബാന്റെ കണ്ണിലെ കരടായിരുന്നു. പോരാട്ടം രൂക്ഷമായ ഘട്ടത്തിൽ താലിബാനെ നേരിടുന്നതിനായി തന്റെ പ്രദേശത്ത് ഗ്രാമീണരെയും ആട്ടിടയന്മാരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ഒരു സൈന്യത്തെ രൂപീകരിച്ച നാൽപ്പതുകാരി ചിലപ്പോഴെല്ലാം തോക്കെടുക്കാനും മടിച്ചു നിന്നിരുന്നില്ല. സലീമയുടെ സൈന്യത്തിൽ ചേരാൻ പ്രാദേശികവാസികൾ തങ്ങളുടെ ഭൂമിയും വളർത്തുമൃഗങ്ങളെയും വരെ വിറ്റ് ആയുധങ്ങൾ വാങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
മറ്റു പല പ്രവിശ്യകളും, അവസാനം തലസ്ഥാനമായ കാബൂളും വലിയ പ്രതിരോധങ്ങളൊന്നുമില്ലാതെ കീഴടങ്ങിയപ്പോഴും സലീമയുടെ സൈന്യം ശക്തമായി താലിബാനെ പ്രതിരോധിച്ചു. കാബൂൾ വീണതിന് ശേഷം മാത്രമാണ് സലീമയുടെ ചഹര്കിന്റ് താലിബാന് വഴങ്ങിയത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പ്രാദേശിക ജനത യുദ്ധത്തിൽ സലീമയ്ക്ക് പിന്നിൽ അണിനിരന്നത്. അവരുടെ ആത്മാർത്ഥമായ പ്രതിരോധമാണ് താലിബാന് ചഹർകന്റ് ബാലികേറമലയായി നിലനിർത്തിയത്.
അഫ്ഗാനിൽ നിന്ന് ഇറാനിലേക്ക് കുടിയേറിയ കുടുംബത്തിൽ 1980ൽ അഭയാർത്ഥിയായാണ് സലീമ മസാരി ജനിക്കുന്നത്. പ്രഥാമിക വിദ്യാഭ്യാസത്തിന് ശേഷം തെഹ്റാൻ സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി ഇറാനിൽ തന്നെ വിവിധ സർവകലാശാലകളിലും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയിലും സേവനമനുഷ്ഠിച്ചു. തുടർന്ന് മാതാപിതാക്കളുമായി സ്വന്തം നാടായ അഫ്ഗാനിസ്ഥാനിൽ തിരികെയെത്തി. 2018ൽ ചാർകിന്റ് ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. താലിബാൻ മുന്നേറ്റത്തിന്റെ അപകടം തിരിച്ചറിഞ്ഞ സലീമ ജില്ലയുടെ സംരക്ഷണത്തിനായി സുരക്ഷാ കമ്മീഷന് രൂപം നൽകി.
ഈ സുരക്ഷാ കമ്മീഷന്റെ നേതൃത്വത്തിലാണ് സൈന്യത്തിൽ പ്രാദേശികവാസികളെ അണിനിരത്തിയത്. സാമ്പ്രദായികമായ വിശ്വാസങ്ങളെ വെല്ലുവിളിച്ച് താലിബാൻ ഭീകരർക്കെതിരെ നിർണായകമായ പോരാട്ടത്തിന് നേതൃത്വം നൽകിയ സലീമയെ താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും നിരന്തരം ലക്ഷ്യം വെച്ചിരുന്നു. താലിബാൻ കാബൂളിൽ എത്തിയതിന് പിന്നാലെ പ്രസിഡന്റ് അഷറഫ് ഗനി അടക്കമുള്ള നേതാക്കാൾ നാടുവിട്ടപ്പോഴും ചഹർകന്റിൽ തന്നെ തുടരുകയായിരുന്നു സലീമ. പിടിയിലായതിന് ശേഷമുള്ള ഇവരുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.