ന്യൂഡൽഹി: റൊമാനിയയിലെ ഗുറ ഹ്യുമറുലുയിൽ നടക്കുന്ന 31-ാമത് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് സറ്റയറിക്കൽ ഗ്രാഫിക്സ് ആൻഡ് ഹ്യൂമറസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽകാർട്ടൂൺ വിഭാഗത്തിൽകാർട്ടൂണിസ്റ്റ്രജീന്ദ്രകുമാർ മൂന്നാം സ്ഥാനം നേടി. ബൾഗേറിയൻ കാർട്ടൂണിസ്റ്റുമായി സമ്മാനം പങ്കിടുകയായിരുന്നു. ഇറാനിലെയും പെറുവിലെയും കാർട്ടൂണിസ്റ്റുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കെയ്ജ് ഓഫ് ഫ്രീഡം എന്നതായിരുന്നു വിഷയം. 52 രാജ്യങ്ങളിൽ നിന്നായി 400-ൽപരം കാർട്ടൂണിസ്റ്റുകൾ മത്സരത്തിൽ പങ്കെടുത്തു. പ്രശസ്തിപത്രവും ക്യാഷ് അവാർഡും ഉൾപ്പെടുന്നതാണ് പുരസ്കാരം.
ഒട്ടേറെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ കാർട്ടൂണിലും കാരിക്കേച്ചറിലും നേടിയിട്ടുള്ള രജീന്ദ്രകുമാറിന്റെ കാർട്ടൂണുകൾ റഷ്യ, ജർമനി, ഈജിപ്ത്, പോർച്ചുഗൽ, ഇസ്താംബൂൾ, ഇറാൻ, ഇൻഡോനേഷ്യ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രദർശന മത്സരങ്ങളിൽ ഇടം നേടിയിട്ടുണ്ട്. യൂണിയൻ ഓഫ് വേൾഡ് കാർട്ടൂൺ മാഗസിൻ ഉൾപ്പെടെ ഒട്ടേറെ കാർട്ടൂൺ മാഗസിനുകളിൽ രജീന്ദ്രകുമാറിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ ഉദ്യോഗസ്ഥനായ രജീന്ദ്രകുമാർ കോഴിക്കോട് മേത്തോട്ടുതാഴത്ത് താമസിക്കുന്നു. ഭാര്യ: മിനി.മക്കൾ: മാളവിക, ഋഷിക.